ചെന്നൈ: അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശശികലയ്ക്കെതിരായ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ചലച്ചിത്ര താരം കമൽഹാസൻ. ട്വിറ്ററിലൂടെയാണ് കമൽഹാസൻ തന്റെ അഭിപ്രായം പങ്കുവച്ചത്.
ഇതൊരു പഴയ പാട്ടാണെങ്കിലും….തെറ്റായ ആളുകൾ എല്ലാറ്റിലും ജയിച്ചേക്കും. പക്ഷേ എപ്പോഴും അങ്ങനെയുണ്ടാവില്ല. കാലം മാറും, ന്യായം ജയിക്കും- ഇതാണ് കമൽഹാസൻ തന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
பழைய பாட்டுத்தான் இருந்தாலும்…
தப்பான ஆளு எதிலும் வெல்லும் ஏடா கூடம்..
எப்போதும் இல்லை காலம் மாறும் ஞாயம் வெல்லும்..
— Kamal Haasan (@ikamalhaasan) February 14, 2017
മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ നീക്കത്തെ എതിർത്തും ഒ.പനീർസെൽവത്തെ പിന്തുണച്ചും നേരത്തെതന്നെ കമൽഹാസൻ രംഗത്തെത്തിയിരുന്നു. ശശികല എന്ന യാഥാർഥ്യം തന്നെ വേദനിപ്പിക്കുന്നുവെന്നും ഒരാൾക്കു ചുറ്റും ജീവിച്ചതുകൊണ്ടു മാത്രം അയാൾക്ക് യോഗ്യത ഉണ്ടാകണമെന്നില്ലെന്നും കമൽഹാസൻ പറഞ്ഞിരുന്നു. ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്നു തീരുമാനിക്കേണ്ടത് തമിഴ് ജനതയാണെന്നും മഹാഭാരതത്തിൽ നടത്തിയതുപോലുള്ള ചൂതുകളിയല്ല രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണക്കോടതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. നാലു വർഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് വിധിച്ച ശിക്ഷ.