ചെന്നൈ: കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നാളെ. മധുരയിൽ നടക്കുന്ന പൊതുസമ്മേളനത്തിനിടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. അതിനുശേഷം ജനങ്ങളുമായി സംവദിക്കുന്നതിനായി നടത്തുന്ന നാളെ നമതേ യാത്രയ്ക്ക് തുടക്കമാകും. യാത്രയുടെ ആദ്യഘട്ടത്തിൽ തന്റെ ജന്മ നാടായ രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിൽ പര്യടനം നടത്തും.

മധുരയിൽ നടക്കുന്ന റാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ പങ്കെടുക്കുമെന്നാണ് സൂചന. അതേസമയം, തൃശ്ശൂരിൽ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം മറ്റന്നാൾ (ഫെബ്രുവരി 22) തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ പിണറായി വിജയൻ വിഡിയോ സന്ദേശത്തിലൂടെയാണ് ആശംസകൾ നേരുക.

മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ രാമേശ്വരത്തെ വീട്ടിൽനിന്നു രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തി, യാത്ര ആരംഭിക്കാനായിരുന്നു കമൽഹാസൻ നേരത്തെ തീരുമാനിച്ചത്. എന്നാൽ, കലാമിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെ ബിജെപി രംഗത്തുവന്നതോടെ രാഷ്ട്രീയ പ്രഖ്യാപനത്തിനായി മധുര തിരഞ്ഞെടുക്കുകയായിരുന്നു.

രാഷ്ട്രീയ പ്രഖ്യാപനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം രജനീകാന്തും കമൽഹാസനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പോയസ് ഗാർഡനിലെ വീട്ടിലെത്തിയാണു കമൽഹാസൻ രജനീകാന്തിനെ കണ്ടത്. സന്ദർശനത്തിനു രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം കമൽഹാസൻ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ