ടിവി റിയാലിറ്റി ഷോയായ ബിഗ് ബോസിൽ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത അനിതയെക്കുറിച്ച് ഉലകനായകൻ കമൽഹാസൻ സംസാരിക്കും. ഇന്ന് രാത്രി സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിന്റെ പുറത്തുവന്ന പ്രൊമോ വിഡിയോയിൽ കമൽഹാസൻ ഇതുസംബന്ധിച്ച് പറയുന്നുണ്ട്. 17-ാമത്തെ വയസ്സിൽ ഒരു ജീവിതം അവസാനിച്ചുവെന്ന് കമൽഹാസൻ പറയുന്നു.

ഇത് വലിയ പരാജയമാണ്. ഇതുപോലെ എന്തെങ്കിലും എന്റെ പെൺമക്കൾക്കാണ് സംഭവിച്ചതെങ്കിൽ ഞാൻ ദേഷ്യപ്പെടുക മാത്രമായിരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അവൾ എന്റെയും കൂടി മകളാണ്- അനിതയുടെ മരണത്തിനു പിന്നാലെ ഇന്നലെ കേരളത്തിലുണ്ടായിരുന്ന കമലിന്റെ പ്രതികരണം ഇതായിരുന്നു. ജാതി, മതം, രാഷ്ട്രീയം, സംസ്ഥാന അതിർവരമ്പുകൾ ലംഘിച്ച് നാമെല്ലാവരും ഒരുമിച്ച് നമ്മുടെ കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടണം. അവൾക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം അവസാനിച്ചുവെന്നും കമൽ പറഞ്ഞു.

നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ദലിത് വിദ്യാർഥിനിയായ എസ്.അനിത (17) തൂങ്ങി മരിച്ചത്. പ്ലസ് ടു പരീക്ഷയിൽ 1200ൽ 1176 മാർക്ക് അനിത നേടിയിരുന്നു. തമിഴ്നാട്ടിലെ മെഡിക്കൽ പ്രവേശനത്തിനു ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) നിർബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ നിയമ യുദ്ധം നടത്തിയത് അനിതയായിരുന്നു.

98% മാർക്കോടെ എംബിബിഎസ് പ്രവേശനം ഉറപ്പാക്കിയിരുന്ന അനിതയ്ക്കു നീറ്റ് പരീക്ഷയിൽ ലഭിച്ചത് 700ൽ 86 മാർക്ക് മാത്രം. ഇതോടെ ഡോക്ടറാകുകയെന്ന സ്വപ്നം ഇതോടെ പൊലിഞ്ഞു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എയ്‌റോനോട്ടിക് എൻജിനീയറങ്ങിലും ഒരത്തനാട് വെറ്ററിനറി കോളജിലും അനിതയ്ക്ക് സീറ്റ് ലഭിച്ചിരുന്നു. പക്ഷേ അതുകൊണ്ടൊന്നും നിരാശ മാറിയില്ല. ഇന്നലെ ഉച്ചയോടെയാണു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ അനിതയെ കണ്ടെത്തിയത്.

തമിഴ്നാട്ടിലെ വിദ്യാർഥികൾക്കു നീറ്റിൽ നിന്ന് ഒരു വർഷത്തെ ഇളവ് അനുവദിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നീറ്റിനെ അനുകൂലിക്കുന്ന വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിൽ നീറ്റിനെ എതിർക്കുന്നവരുടെ പ്രതിനിധിയായാണു അനിത സുപ്രീം കോടതിയിൽ കക്ഷി ചേർന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ