ചെന്നൈ: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. തമിഴ്നാടിന്റെ വികസനത്തില്‍ ഊന്നിയായിരിക്കും പാര്‍ട്ടിയുടെ പ്രചരണമെന്നും സമാന ചിന്താഗതിയുളള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തമിഴ്നാടിന്റെ ഡിഎന്‍എ ഇല്ലാതാക്കാന്‍ നോക്കുന്ന പാര്‍ട്ടികളുമായി സഹകരിക്കില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
സഖ്യത്തിന് തന്റെ പാര്‍ട്ടി നേതൃത്വം നല്‍കുമോ അതോ സഖ്യകക്ഷിയാകുമോ എന്നത് പറയാനുളള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥികളെ കമ്മിറ്റി ഉടന്‍ തന്നെ തിരഞ്ഞെടുക്കും,’ കമല്‍ഹാസന്‍ പറഞ്ഞു.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കണമെങ്കില്‍ അവര്‍ ഡിഎംകെയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും സഖ്യം അവസാനിപ്പിക്കണമെന്നുമുള്ള നിബന്ധന കമലഹാസന്‍ മുന്നോട്ട് വെച്ചിരുന്നു. തന്‍റെ പാര്‍ട്ടിയുമായുള്ള സഖ്യം കൊണ്ട് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകണമെന്ന കാര്യം മാത്രമേ കോണ്‍ഗ്രസിനോട് പറയാനുള്ളൂ.
അഴിമതി അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് മക്കള്‍ നീതി മയ്യത്തിനുള്ളത്. അഴിമതിയില്‍ മുങ്ങുന്ന പാര്‍ട്ടികളോട് യോജിക്കാന്‍ ഒരുതരത്തിലും സാധിക്കില്ല. അഴിമതി നിറഞ്ഞ പാര്‍ട്ടികളാണ് ഡിഎംകെയും എഡിഎംകെയും. തമിഴ്നാട്ടില്‍ നിന്ന് ഈ രണ്ട് പാര്‍ട്ടികളെയും തുരത്താനുള്ള കഠിന പ്രയ്തനം നടത്തുമെന്നും കമലഹാസന്‍ അന്ന് വ്യക്തമാക്കി.
നേരത്തെ, ഗജ ആഞ്ഞടിച്ച തമിഴ്നാട്ടിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ മക്കള്‍ നീതി മയ്യം ജനങ്ങള്‍ക്ക് നല്ലത് മാത്രമേ ചെയ്യുകയുള്ളുവെന്ന് പറഞ്ഞിരുന്നു. സ്റ്റെര്‍ലെെറ്റ് വിഷയത്തില്‍ ജനങ്ങളുടെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്നുള്ള നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു.