ചെന്നൈ: തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീം ആണെന്ന ആരോപണം നിഷേധിച്ച് കമല്‍ഹാസന്‍. പാര്‍ട്ടി കൂടുതല്‍ ഉയരങ്ങളിലേക്ക് വളരുന്നു എന്നതിനാല്‍ പലരും തങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുനെല്‍വേലിയില്‍ പാര്‍ട്ടിയുടെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമല്‍ഹാസന്റെ പാര്‍ട്ടി ബിജെപിയുടെ ബി ടീം ആണെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ‘ഞാന്‍ ആരുടേയും ബി ടീം അല്ല. ഇത് തമിഴ്നാടിന്റെ എ ടീം ആണ്.’

ഡിഎംകെ സംഘടനയായ മുരശൊലിയാണ് കമല്‍ഹാസന് ബിജെപിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചത്. ബിജെപിയുടെ സമ്മര്‍ദ്ദം മൂലമാണ് കമല്‍ഹാസന്‍ ഡിഎംകെയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും മുരശൊലി വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തെയും കമല്‍ഹാസന്‍ വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ മഹാസഖ്യം ജയിക്കുന്നവരുടെ ഭാഗത്തേയ്ക്ക് ചാടും എന്നായിരുന്നു കമല്‍ഹാസന്റെ പരിഹാസം. അത്തരം സമയങ്ങളില്‍ കുതിരക്കച്ചവടത്തിന് കൂട്ടു നില്‍ക്കാതെ തമിഴ് ജനതയ്ക്ക് വേണ്ടി നില്‍ക്കുന്നത് തന്റെ പാര്‍ട്ടി മാത്രമായിരിക്കുമെന്നും കമല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook