ചെന്നൈ: കമൽഹാസന്റെ പാർട്ടി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് തമിഴ് മക്കൾ. പാർട്ടി രൂപീകരിക്കുന്നതിനു മുൻപു തന്നെ നിരവധി ആരാധകരാണ് പാർട്ടി ഫണ്ടിലേക്കെന്ന പേരിൽ പണം അയച്ചുകൊടുത്തത്. എന്നാൽ ഈ പണമൊക്കെ അയച്ചവർക്ക് തന്നെ തിരികെ നൽകുകയാണ് കമൽഹസാൻ. പാർട്ടി രീപീകരിക്കുന്നതിനു മുൻപേ ആരാധകർ നൽകിയ പണം കയ്യിൽ വയ്ക്കുന്നത് ശരിയല്ലെന്നും അവ മടക്കി നൽകാൻ പോവുകയാണെന്നും തമിഴ് വാരികയായ ആന്ദവികടനില്‍ സ്ഥിരമായെഴുതുന്ന പംക്തിയിലൂടെയാണ് കമൽഹാസൻ വ്യക്തമാക്കിയത്.

”ജനങ്ങൾ നൽകുന്ന പണം തിരികെ നൽകും. പാർട്ടി രൂപീകരിക്കുന്നതിനു മുൻപേ ഈ പണം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. ജനങ്ങളിൽനിന്നും പണം സ്വീകരിക്കുന്നതിനു മുൻപ് ആദ്യം പാർട്ടി രീപീകരിക്കുകയും അതിന് നാമകരണം നടത്തുകയും വേണം. ഇതിന്റെ അർഥം പാർട്ടി രൂപീകരണത്തിൽനിന്നും ഞാൻ പിന്നോട്ടു പോകുന്നുവെന്നല്ല. അതിനർഥം ഞാൻ ജനങ്ങളിൽനിന്നും പണം സ്വീകരിക്കില്ല എന്നുമല്ല. ആദ്യം പാർട്ടി രൂപീകരണത്തിന് ശക്തമായ അടിത്തറ പാകണം. എങ്കിൽ മാത്രമേ അതിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകൂ. തമിഴ്നാടിന്റെ വികസനമാണ് തന്റെ ആഗ്രഹം” കമൽഹാസൻ ലേഖനത്തിൽ പറയുന്നു.

പാർട്ടി രൂപീകരണത്തിനായി ആരാധകരിൽനിന്നും 30 കോടി രൂപ കമൽഹാസന് ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമൽഹാസന്റെ പുതിയ പംക്തി. തന്റെ ഫാൻസ് അസോസിയേഷനുകൾ പണം സമാഹരിച്ചത് ക്ഷേമ പ്രവർത്തനങ്ങൾക്കാണെന്നും പാർട്ടി രൂപീകരണത്തിനല്ലെന്നും കമൽ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്.

ഹിന്ദു അക്രമത്തെക്കുറിച്ചുളള തന്റെ പംക്തി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും കമൽ പുതിയ പംക്തിയിൽ പറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞത് തെറ്റായി വിവർത്തനം ചെയ്യപ്പെട്ടു. തീവ്രവാദം എന്നൊരു വാക്ക് ഞാൻ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഒരു മാറ്റവുമില്ലെന്നും കമൽഹാസൻ പറഞ്ഞു.

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാവില്ലെന്നും വലത് സംഘടനകളില്‍ തീവ്രവാദത്തിന്റെ സ്വാധീനമുണ്ടെന്നുമുളള പരാമര്‍ശങ്ങൾ തമിഴ് വാരികയായ ആന്ദവികടനിലെ പംക്തിയിലൂടെ നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ