ബോസ്റ്റൺ: അഭിനയം നിർത്തുന്നുവെന്ന് കമൽഹാസൻ. റിലീസാകാനുളള രണ്ടു സിനിമകൾക്കുശേഷം മറ്റൊരു സിനിമയിലും അഭിനയിക്കില്ല. മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനത്തിനായി നീക്കിവയ്ക്കാനാണ് അഭിനയം നിർത്തുന്നതെന്നും ബോസ്റ്റണിലെ ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും രാഷ്ട്രീയത്തിൽ തുടരുമോ എന്ന ചോദ്യത്തിന് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ പോകുന്നില്ലെന്നും കമൽ പറഞ്ഞു.

”കഴിഞ്ഞ 37 വർഷമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഈ 37 വർഷത്തിനിടയിൽ 10 ലക്ഷത്തോളം അനുയായികളെ കൂടെ കൂട്ടാനായി. 37 വർഷമായി അവർ എന്റെ കൂടെയുണ്ട്. അവർ കൂടുതൽ യുവാക്കളെ ജനക്ഷേമത്തിനായുളള എന്റെ പോരാട്ടത്തിൽ പങ്കുചേർക്കുന്നുണ്ട്” കമൽ പറഞ്ഞു.

ബാങ്ക് അക്കൗണ്ട് കൂട്ടാനല്ല താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും കമൽ അഭിപ്രായപ്പെട്ടു. ”എനിക്ക് വേണ്ടതെല്ലാം ഞാൻ അധ്വാനിച്ച് നേടിയിട്ടുണ്ട്. എനിക്ക് സന്തോഷമായ ഒരു റിട്ടയേഡ് ജീവിതം ആസ്വദിക്കാം. ഒരു നടനായിട്ട് മരിക്കാൻ എനിക്ക് ആഗ്രഹമില്ലാത്തതിനാലാണ് രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. ജനങ്ങളെ സേവിച്ചതിനുശേഷം മരിക്കണം, അത് എന്നോട് തന്നെ ഞാൻ വാഗ്‌ദാനം ചെയ്തിട്ടുണ്ട്”.

എന്റെ രാഷ്ട്രീയത്തിന്റ നിറം കറുപ്പാണ്. ദ്രവീഡിയൻ ശബ്ദവും അവരുടെ നിറവുമാണ് എന്റെ കറുപ്പിലൂടെ പ്രതിഫലിപ്പിക്കുന്നത്. തമിഴരെ സംബന്ധിച്ചിടത്തോളം കറുപ്പ് നിറം മോശമല്ലെന്നും കമൽ പറഞ്ഞു. ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനും താനില്ലെന്നും കമൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ