ബിജെപിക്കും സംഘപരിവാര്‍ രാഷ്ട്രീയത്തിനും എതിര്‍പക്ഷത്ത് തന്നെയാണ് താന്‍ എന്ന് വീണ്ടും വിളിച്ചുപറയുകയാണ്‌ നടന്‍ പ്രകാശ് രാജ്. വെള്ളിയാഴ്ച നടത്തിയ മറ്റൊരു പ്രസ്താവനയിലും പ്രകാശ് രാജ് ലക്ഷ്യംവയ്ക്കുന്നത് ബിജെപിയെ തന്നെ. മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും സദാചാരത്തിന്‍റെയും പേരില്‍ ഭീതിപടര്‍ത്തുന്നത് ഭീകരവാദമല്ലെങ്കില്‍ എന്താണ് ഭീകരവാദം എന്നാണ് പ്രകാശ് രാജ് ചോദിച്ചത്.

“മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും സദാചാരത്തിന്റെയും പേരില്‍ ഭീതിപടര്‍ത്തുന്നത് ഭീകരവാദം അല്ലെങ്കില്‍ മറ്റെന്താണ് ? ” ട്വിറ്ററിലൂടെ താരം ആരായുന്നു.

മറ്റൊരു കുറിപ്പ് സഹിതമാണ് തെന്നിന്ത്യന്‍ താരം ഈ അഭിപ്രായം പ്രകടമാക്കിയത്. കുറിപ്പില്‍ ഇങ്ങനെ പറയുന്നു:

“എന്‍റെ രാജ്യത്തിലെ തെരുവുകളില്‍ സദാചാരം പറഞ്ഞുകൊണ്ട് ചെറുപ്പക്കാരായ ദമ്പതികളെ ആക്രമിക്കുന്നത് ഭീകരവാദം അല്ല.. പശുക്കളെ കശാപ്പുചെയ്യുന്നു എന്ന സംശയം മാത്രം വച്ചുകൊണ്ട് മനുഷ്യരെ തല്ലിക്കൊല്ലുന്നത് ഭീകരവാദം അല്ല.. എതിരഭിപ്രായങ്ങളെയൊക്കെ വെറുപ്പും ഭീഷണിയും ട്രോളുകളും ഉപയോഗിച്ച് നിശബ്ദമാക്കുന്നത് ഭീകരവാദം അല്ല.. എങ്കില്‍ എന്താണ് ഭീകരവാദം”.

സദാചാര പൊലീസ്, ആന്‍റി റോമിയോ സ്ക്വാഡ്, പശു സംരക്ഷണം, വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ലക്ഷ്യംവച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ ട്വീറ്റ്.

നേരത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ച മൗനത്തെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ട് വന്ന താരം, ഗൗരിയുടെ മരണത്തെ ‘ആഘോഷിക്കുന്നവരെ’ എങ്ങനെയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്നത് എന്നും ആരാഞ്ഞിരുന്നു.

ഹിന്ദു ഭീകരവാദം ഉണ്ട് എന്ന കമൽഹാസന്‍റെ അഭിപ്രായത്തിനു പിന്നാലെയാണ് പ്രകാശ് രാജിന്‍റെ ചോദ്യങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ