ചെന്നൈ: സിനിമാ തിയേറ്ററുകളിലും മറ്റ് പൊതുഇടങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തി നടന്‍ കമല്‍ഹാസന്‍. കണ്ടിടത്തൊക്കെ ദേശീയഗാനം നിര്‍ബന്ധമാക്കി തന്റെ രാജ്യസ്നേഹം അളക്കാനോ രാജ്യസ്നേഹി ആക്കാനോ നിര്‍ബന്ധിക്കരുതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സിംഗപ്പൂരില്‍ എല്ലാ അർധരാത്രികളിലും ദേശീയഗാനം കേള്‍പ്പിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുപോലെയാണ് രാജ്യത്തും നടപ്പിലാക്കാന്‍ നോക്കുന്നതെന്നും വേണമെങ്കില്‍ ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും കേള്‍പ്പിച്ച് കൊളളാനും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൗരന്മാരെ നിര്‍ബന്ധപൂര്‍വ്വം ഇതിന്റെ ഭാഗമാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം പ്രക്ഷേപണം ചെയ്യണമെന്നും ആ സമയം പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കണമെന്നുമുളള വിധിക്കെതിരെ സുപ്രിം കോടതി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്രെ രൂക്ഷ വിമർശനം വന്നതിന് പിന്നാലെ ആയിരുന്നു കമല്‍ഹാസന്റെ പ്രതികരണം. “കുപ്പായ കൈയിൽ ദേശസ്നേഹം” പ്രദർശിപ്പിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതി പറഞ്ഞത്.
ഓരോ പ്രദർശനത്തിന് മുമ്പും ദേശീയഗാനം അവതരിപ്പിക്കണമെന്നും പ്രേക്ഷകർ അതിനായി എഴുന്നേറ്റ് നിൽക്കണമെന്നും കോടതിയുടെ വിധി വന്നത് 2016 നവംബർ 30 നായിരുന്നു. ഭോപ്പാൽ സ്വദേശി നൽകിയ കേസിൽ തിയേറ്ററുകളിൽ ദേശീയ ഗാനം അവതരിപ്പിക്കണമെന്നും പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നുമുളള വിധി നേരത്തെ വന്നിരുന്നു.
” അടുത്തത് ജനങ്ങൾ ടീ ഷർട്ടും ഷോട്‌സും ഇട്ടുകൊണ്ട് സിനിമ കാണാൻ പോകരുതെന്നുംം അത് ദേശീയഗാനത്തോടുളള അവഹേളനമാണെന്നും പറയുമോ? ഈ സദാചാര പൊലീസിങ്ങിനെ എവിടെ നമുക്ക് അവസാനിപ്പിക്കാനാകും? ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് 2016 നവംബറിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ രീതി “ദേശസ്നേഹത്തിന്രെയും ദേശീയതയുടെയും വികാരം പ്രബോധിപ്പിക്കുന്നതിനായിരുന്നു”എന്നായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയുടെ അനുമാനം.
സിനിമാ പ്രദര്‍ശനത്തിന് മുന്‍പായി രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന മുന്‍വിധി സുപ്രീം കോടതി ഭേദഗതി ചെയ്യുമെന്ന സൂചന നൽകിയത് തിയേറ്ററുകളില്‍ ദേശീയഗാനം പാടാതിരിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇത് സംബന്ധിച്ച് കേന്ദ്രം എന്തുകൊണ്ട് നിയമം കൊണ്ടുവരുന്നില്ല എന്നും കോടതി ആരാഞ്ഞു.