ചെന്നൈ: സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്ത തമിഴ്നാട് സർക്കാർ നടപടിയെ വിമർശിച്ച് കമൽഹാസൻ. യോഗേന്ദ്ര യാദവ് തന്റെ സഹോദരനാണെന്ന് പറഞ്ഞ കമൽഹാസൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത നടപടി വിമർശിക്കേണ്ടതും അപലപിക്കേണ്ടതുമാണെന്നും പറഞ്ഞു. സേലം-ചെന്നൈ എക്സ്പ്രസ് പദ്ധതിക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം അറിയിക്കുന്നതിനായി വരികെയാണ് തിരുവണ്ണാമലയിൽ വച്ച് തമിഴ്നാട് പൊലീസ് യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്തത്.

”മറ്റൊരു സംസ്ഥാനത്തെ രാഷ്ട്രീയക്കാരനായ യോഗേന്ദ്ര യാദവ് തമിഴ്നാട് കർഷകരുടെ അഭിപ്രായം ആരായുന്നതിനാണ് ഇവിടേക്ക് വന്നത്. തമിഴ്നാട് സർക്കാരിന്റെ ഏകാധിപത്യത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ അറസ്റ്റ്. അറസ്റ്റിലൂടെ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ സർക്കാർ അടിച്ചമർത്തുകയാണ്. ഭയമില്ലാതെ തങ്ങളുടെ അഭിപ്രായങ്ങൾ പറയാനുളള സ്വാതന്ത്ര്യം ജനങ്ങൾക്കുണ്ട്”, കമൽഹാസൻ പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാഹനത്തിലേക്ക് തളളിക്കയറ്റിയെന്നും യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തിരുന്നു. എട്ടുവരി പാതയ്ക്കെതിരെ നടക്കുന്ന കർഷകപ്രക്ഷോഭത്തിലേക്ക് ക്ഷണം കിട്ടിയപ്രകാരമാണ് ഞങ്ങൾ വന്നത്. എന്നാൽ കർഷകരെ കാണാൻ ഞങ്ങളെ അനുവദിച്ചില്ല. ഫോണുകൾ പിടിച്ചെടുത്തു. പൊലീസ് വാഹനത്തിലേക്ക് തളളിക്കയറ്റി. തമിഴ്നാട് പൊലീസിൽനിന്നും ഇത്തരത്തിലെ അനുഭവം ആദ്യമാണ്, യോഗേന്ദ്ര പറഞ്ഞു.

സേലത്തെ ചെന്നെയുമായി ബന്ധിപ്പിക്കുന്ന എട്ടുവരി പാതയ്ക്കെതിരെ ഏറെ നാളായി കർഷക പ്രക്ഷോഭം നടക്കുന്നുണ്ട്. കൃഷി സ്ഥലങ്ങളിലൂടെയാണ് പാത കടന്നുപോകുന്നതെന്നും ഇത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നുമാണ് കർഷകരുടെ വാദം. 10,000 കോടി ചെലവു വരുന്ന കേന്ദ്ര പദ്ധതി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. സേലത്തുനിന്നും ചെന്നൈയിലേക്കുളള യാത്രാസമയം കുറയ്ക്കാൻ ലക്ഷ്യമിട്ടുളളതാണ് പദ്ധതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook