ചെന്നൈ: മദ്രാസ് സർവകലാശാലയിൽ എത്തിയ കമൽഹാസനെ പൊലീസ് തടഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കമൽഹാസൻ എത്തിയത്. സർവകലാശാല ക്യാംപസിന് അകത്തേക്ക് കമൽഹാസനെ പൊലീസ് കടത്തിവിട്ടില്ല. സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം.

Read Also: പൗരത്വ നിയമത്തെ പിന്തുണച്ച് സെമിനാര്‍; എബിവിപി പ്രവര്‍ത്തകർക്ക് മർദനം

വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി അനീതിയെന്ന് കമൽഹാസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിക്കുന്നതുവരെ ഞാൻ ഒരു വിദ്യാർഥിയാണ്. നമ്മുടെ വിദ്യാർഥികളെ ഇവിടെ അഭയാർഥികളാക്കുന്നു. ഒരു രാഷ്ട്രീയക്കാരനായി ഞാൻ ഇവിടെ വന്നിട്ടില്ല. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലായതിനാലാണ് ഞാൻ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിൽ വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ മദ്രാസ് സർവകലാശാല തിങ്കളാഴ്ച വരെ അടച്ചിരുന്നു. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് അതിക്രമമുണ്ടായതോടെയാണ് മദ്രാസ് സർവകലാശാലയിലും പ്രതിഷേധം ശക്തമാക്കിയത്. രാത്രിയിലും വിദ്യാർഥി പ്രതിഷേധം തുടർന്നിരുന്നു. ഇതോടെയാണ് സർവകലാശാല അടച്ചത്. അതേസമയം, നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാർഥികൾ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook