ചെന്നൈ: ജനങ്ങളുടെ പ്രശ്നങ്ങൾ അടുത്തറിയാനും പരിഹരിക്കുന്നതിനുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. പാര്‍ട്ടി രൂപവത്കരണത്തിനുമുന്‍പ് പ്രഖ്യാപിച്ച ‘മയ്യം വിസില്‍’ മൊബൈല്‍ ആപ്ലിക്കേഷനാണ് അദ്ദേഹം പുറത്തിറക്കിയത്. പ്രാദേശിക വികസനപ്രശ്‌നങ്ങള്‍ പരിഹരിക്കുക, അഴിമതിക്കെതിരെ പ്രതികരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാനാകുക.
പൊതുജനങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിനുശേഷം അതുപയോഗിച്ച് അംഗത്വം നേടാനാകും. നിയമവിരുദ്ധമായി ഉപയോഗിച്ചാൽ അംഗത്വം നഷ്ടപ്പെടും. കൂടാതെ മറ്റു നടപടികളും നേരിടേണ്ടി വരും. ജനങ്ങളുടെ പ്രശ്നങ്ങൾ അടുത്തറിയാൻ ഈ ആപ്പ് പാർട്ടിയെ സഹായിക്കുമെന്നും ജനങ്ങൾക്ക് വേണ്ടി തുറന്ന് വച്ച ചെവിയാണ് ഈ ആപ്പെന്നും കമല്‍ഹാസന്‍ പറഞ്ഞു.
മയ്യം വിസിൽ ആപ്പ് ജനങ്ങളുടെ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്ന ഒന്നല്ലെന്നും പ്രശ്നങ്ങൾ ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുന്ന ഒരു വഴി മാത്രമാണെന്നും കമൽഹാസൻ വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങൾ, അഴിമതി എന്നിവ സമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാം.
പൊലീസ്, ഉദ്യോഗസ്ഥർ, സർക്കാർ എന്നിവയ്ക്കു പകരമല്ല മയ്യം വിസിൽ ആപ്പ്. എന്നാൽ അവരെ സഹായിക്കാനും വിമർശിക്കാനും ഈ ആപ്പ് ഉപയോഗിക്കാമെന്ന് കമൽഹാസൻ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ടവർ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നുണ്ടോയെന്നു വിലയിരുത്തുന്ന സ്ഥാപനമായിരിക്കും ഈ ആപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.