ചെന്നൈ: മഹാഭാരതത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നടന്‍ കമല്‍ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് തമിഴ്നാട് കോടതി നിര്‍ദേശിച്ചു. 2017 മാര്‍ച്ചില്‍ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. മെയ് അഞ്ചിന് താരം ഹാജരാകണമെന്ന് വല്ലിയൂരിലെ ഒരു കോടതി നിര്‍ദേശിച്ചു.
സ്ത്രീയെ വില്‍പനച്ചരക്കാക്കുന്ന മഹാഭാരതം പോലെയുള്ള ഒരു പുസ്തകത്തെയാണ് ഇന്ത്യയിലെ ജനങ്ങള്‍ ഇത്രമാത്രം ബഹുമാനത്തോടെ നോക്കിക്കാണുന്നതെന്നാണ് കമല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. പാഞ്ചാലിയെ ഉപയോഗിച്ച് ചൂതാട്ടം നടത്തിയ പാണ്ഡവന്മാരുടെ പ്രവൃത്തിയെ ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ അഭിപ്രായപ്രകടനം.
സ്ത്രീയെ ഒരു കേവല ഉത്പന്നമായി കണ്ട് ചൂതാട്ടം നടത്തിയ മഹാഭാരതത്തെ ഇന്ത്യയിലെ ജനങ്ങള്‍ കൊട്ടിഘോഷിക്കുന്നതായും അഭിമുഖത്തിനിടെ കമല്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് ഹിന്ദു മക്കള്‍ കച്ചി എന്ന ഹിന്ദുത്വ സംഘടനയാണ് കമല്‍ഹാസനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. താരം ഹിന്ദു വിരുദ്ധനാണെന്നും ഇവര്‍ ആരോപിച്ചു.
ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളെ കുറിച്ചു പരാമർശിക്കവെയാണ് കമൽഹാസൻ വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീകളെ ചൂതാട്ടത്തിനും പന്തയത്തിനും ഉപയോഗിക്കുന്നതിനെ മഹത്വവത്കരിക്കുന്ന മഹാഭാരതം പോലുള്ള ഇതിഹാസങ്ങളെ ഇഷ്ടപ്പെടുന്ന ജനങ്ങളുടെ നാടാണ് ഇന്ത്യ എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന. കമല്‍ഹാസന്‍ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മറ്റ് ചില സംഘടനകളും ഹിന്ദു നേതാക്കളും അദ്ദേഹത്തിനെതിരെ പരാതിയും നല്‍കിയിരുന്നു.