രാമേശ്വരം: ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കുമെന്ന് കമൽഹാസൻ. ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നേരിട്ട് അറിയാനാണ് ഈ യാത്ര. തനിക്ക് വോട്ട് ചെയ്തത് തെറ്റായിപ്പോയെന്ന തോന്നൽ ഉണ്ടാവില്ലെന്നും കമൽ പറഞ്ഞു. രാമേശ്വരത്ത് മൽസ്യ തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, രാഷ്ട്രീയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കമൽഹാസൻ നടത്തുന്ന പര്യടനത്തിന് തുടക്കമായി. എംജിആര്‍ സിനിമയുടെ പേരായ ‘നാളെ നമതേ’ എന്നതാണ് കമല്‍ പര്യടനത്തിനു നല്‍കിയ പേര്. രാമേശ്വരത്തെ എ.പി.ജെ.അബ്ദുൽ കലാം സ്മാരകത്തിൽനിന്നാണു കമലിന്റെ പര്യടനം ആരംഭിച്ചത്. കലാമിന്റെ വീടും കമൽ സന്ദർശിച്ചു. കലാമിന്റെ ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു.

രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങൾക്കു ശേഷം മധുരയിൽ കമൽ തന്റെ പാർട്ടി പ്രഖ്യാപനം നടത്തും. വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയിൽ നടക്കുന്ന റാലിയിലാണ് പാർട്ടിയുടെ പേരും ആശയവും പ്രഖ്യാപിക്കുക. തുടർന്നു മൈതാനത്തു പാർട്ടിയുടെ പതാക ഉയർത്തും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ റാലിയെ അഭിസംബോധന ചെയ്യും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ റാലിയിൽ പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ