ചെന്നൈ: മെച്ചപ്പെട്ട ഭാവിക്കായി തന്നോടൊപ്പം ചേരണമെന്ന് തമിഴ്നാട്ടിലെ ജനങ്ങളോട് നടനും മക്കൽ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസന്റെ അഭ്യർഥന. താനും പാർട്ടിയും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ശുഭശ്രീയുടേയും രഘുപതിയുടെയും മരണത്തെക്കുറിച്ച് സംസാരിക്കവെയാണ് കമൽഹാസൻ ഇക്കാര്യം പറഞ്ഞത്.

എഐഎഡിഎംകെ നേതാവ് ജയഗോപാൽ സ്ഥാപിച്ച ബാനർ വീണാണ് ചെന്നൈ ടെക്കിയായ ശുഭശ്രീ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ, ഡിവൈഡറിൽ സ്ഥാപിച്ച ഹോർഡിങ് വീണ് ശുഭശ്രീക്ക് ബാലൻസ് നഷ്ടപ്പെടുകയും വെള്ളം കൊണ്ടു വരുന്ന ടാങ്കറിൽ ഇടിക്കുകയുമായിരുന്നു.

Read More: ഷായോ സുൽത്താനോ സാമ്രാട്ടോ ആരുമായിക്കൊള്ളട്ടെ; അമിത് ഷായ്‌ക്കെതിരെ കമൽഹാസൻ

2017 നവംബറിൽ കോയമ്പത്തൂരിൽ രഘുപതി എന്ന യുവാവിന്റെ ബൈക്ക് അനധികൃത ബാനറുകളിൽ ഇടിക്കുകയും ബാലൻസ് നഷ്ടപ്പെട്ടു വീണ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറുകയും ചെയ്തു.

“ചെറുപ്പക്കാരുടെ മരണം അവരുടെ മാതാപിതാക്കളെ അറിയിക്കേണ്ടി വരുന്നത് ഏറ്റവും ദുഃഖകരമായ അവസ്ഥയാണ്. ശുഭശ്രീയുടെ മരണവും അത്തരത്തിലൊന്നാണ്. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട രക്ഷിതാവിന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന ഭയവും വേദനയുമാണ് ജനങ്ങളിൽ. രണ്ട് പെൺമക്കളുടെ പിതാവായ എനിക്കും ഇതേ വികാരങ്ങളാണ്,” കമൽഹാസൻ പറഞ്ഞു.

“സർക്കാരിന്റെ അശ്രദ്ധമൂലം നിരവധി രഘുമാരുടേയും (രഘുപതി) ശുഭശ്രീമാരുടേയും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ബാനർ എവിടെ സ്ഥാപിക്കണം, എവിടെ സ്ഥാപിക്കരുത് എന്നതിനെക്കുറിച്ച് ചില അടിസ്ഥാന ധാരണകൾ ഉണ്ടായിരിക്കേണ്ടതല്ലേ? സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അലസത കാരണം, ഇനിയും എത്ര ജീവൻ നഷ്ടപ്പെടുമെന്നതാണ് ചോദ്യം,” കമൽഹാസൻ കൂട്ടിച്ചേർത്തു.

“ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താൻ മാത്രമാണ് രാഷ്ട്രീയക്കാരുളളത്, ഇത്തരം രാഷ്ട്രീയക്കാരോട് എനിക്ക് ഒരു തരി ബഹുമാനമില്ല. നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ, എന്റെ കൈകൾ പിടിക്കുക, മക്കൽ നീതി മയ്യം നിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തും,” അദ്ദേഹം പറഞ്ഞു.

“നാം നമ്മുടെ നേതാക്കളെ തിരഞ്ഞെടുക്കും, നമ്മൾ അവരുടെ അടിമകളായി തുടരും – നിങ്ങൾ ഈ സങ്കൽപ്പത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, സമൂഹത്തെ സഹായിക്കാൻ ഒരു മാർഗവുമില്ല. നമ്മൾ ഈ രാഷ്ട്രീയക്കാരുടെ അടിമകളായിത്തീർന്നു. സാധാരണക്കാരുടെ ശബ്ദങ്ങൾ പ്രാധാന്യമർഹിക്കുന്നതാണെന്ന് തെളിയിക്കാൻ നമ്മൾ കൈകോർക്കണം. ഈ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം ചേരൂ,” കമൽഹാസൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook