ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം കമൽഹാസനെ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ സന്ദർശിച്ചു. തങ്ങളിരുവരും അഴിമതിക്കെതിരാണെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇരുവരും മറുപടി നൽകി.

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് എതിരെ രൂക്ഷമായ അഭിപ്രായ ഭിന്നതയുമായി രംഗത്ത് വന്ന കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള നീക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് അരവിന്ദ് കേജ്‌രിവാൾ കമൽഹാസന്റെ അനുവാദം തേടിയ ശേഷം അദ്ദേഹത്തെ ചെന്നൈയിലെ വസതിയിൽ സന്ദർശിച്ചത്.

കമൽഹാസൻ രാഷ്ട്രീയത്തിലേക്ക് വരേണ്ട ആളാണെന്ന് സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തിൽ അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. “കൂടിക്കാഴ്ച വളരെ നന്നായിരുന്നു. ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ സാധിച്ചു. ഭാവിയിലും ഇത് തുടരും”, കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

“അഴിമതിക്കാരായ ആരുമായും എനിക്ക് യാതൊരു ബന്ധവും കാണില്ല. അഴിമതിക്ക് എതിരായതിനാലാണ് താനും കേജ്‌രിവാളും ഒരുമിച്ച് നിൽക്കുന്നത്. അദ്ദേഹത്തിന് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ എനിക്കത് അദ്ഭുതകരമായി തോന്നി. അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്തത്”, കമൽഹാസൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook