ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് ജനങ്ങളോട് മാപ്പു ചോദിച്ച് കമൽഹാസൻ. പ്രധാനമന്ത്രി തന്റെ തെറ്റ് അംഗീകരിച്ചാൽ, എന്റെ ഒരു സല്യൂട്ട് കൂടി അദ്ദേഹത്തിനായി കാത്തിരിക്കുന്നുവെന്ന് കമൽഹാസൻ പറഞ്ഞു. തെറ്റുകൾ അംഗീകരിച്ച് അത് തിരുത്താൻ തയാറാവുന്നത് നല്ലൊരു നേതാവിന്റെ അടയാളമാണ്. ഗാന്ധിക്ക് അത് ചെയ്യാൻ കഴിഞ്ഞു. ഇന്നും അത് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ് വാരികയായ വികടനിൽ ‘എ ബിഗ് അപ്പോളജി’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് കമൽഹാസൻ ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്ര മോദിയുടെ തീരുമാനത്തെ പിന്തുണയ്ക്കാൻ വ്യഗ്രത കാട്ടിയതിൽ ജനങ്ങളോട് ഞാൻ മാപ്പു ചോദിക്കുന്നു. നോട്ട് നിരോധനത്തെ പിന്തുണച്ചതിന് നിരവധി സഖാക്കളും സാമ്പത്തികശാസ്ത്ര വിദഗ്ധരും എന്നെ ചോദ്യം ചെയ്തു. നോട്ട് നിരോധനം പിൻവലിക്കാനുളള തീരുമാനം നല്ലതായിരുന്നുവെന്നും പക്ഷേ അത് നടപ്പിലാക്കിയതിൽ ചില പാകപ്പിഴകൾ ഉണ്ടായതെന്നും പറഞ്ഞ് ഞാൻ സ്വയം ആശ്വസിച്ചു. കളളപ്പണം ഇല്ലാതാകുമെന്ന് കരുതിയാണ് നോട്ട് നിരോധനത്തെ പിന്തുണച്ചതെന്നും കമൽ ലേഖനത്തിൽ പറയുന്നു.

കഴിഞ്ഞ നവംബറിലാണ് 500, 1000 രൂപ നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി നരേന്ദ്ര മോദി ജനങ്ങളെ അറിയിച്ചത്. ഇതിനുപിന്നാലെ മോദിയെ സല്യൂട്ട് ചെയ്യുന്നുവെന്ന് പറഞ്ഞ് കമൽ ട്വീറ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ