ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മണിച്ചന്റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സർക്കാരിനോട് സുപ്രീം കോടതി. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ സുപ്രീംകോടതി പരിശോധിച്ചതിന് ശേഷമാണ് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
പേരറിവാളന് കേസില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി പരിഗണിച്ച് ഈ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. മണിച്ചൻ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലുണ്ട്. മോചനത്തിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് പേരറിവാളന് കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു.
2000 ഒക്ടോബർ 21 നാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തമുണ്ടായത്. 31 പേർ മരിച്ച മദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് മണിച്ചൻ. സംഭവത്തിൽ അറ് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും 150 പേർ ചികിത്സ തേടുകയും ചെയ്തിരുന്നു.
കേസിൽ 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല.