ബെംഗളൂരു: എഴുത്തുകാരനും ചിന്തകനുമായിരുന്ന എം.എം.കൽബർഗിയെ കൊലപ്പെടുത്തിയത് വിഗ്രഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതിനെന്ന് പ്രതി. ജ്ഞാനപീഠ അവാർഡ് നേടിയ യു.ആർ.അനന്തമൂർത്തി പറഞ്ഞ കാര്യം 2014 ജൂണിൽ ആവർത്തിച്ചതാണ് ഇദ്ദേഹത്തെ വധിക്കാൻ കാരണം.
“വിഗ്രഹങ്ങൾക്ക് മേൽ മൂത്രമൊഴിച്ചാലും ദൈവികമായ തിരിച്ചടികൾ ഉണ്ടാവില്ല,” എന്നായിരുന്നു 2014 ജൂണിലെ പ്രസംഗത്തിലെ പരാമർശം. അന്ധവിശ്വാസങ്ങളെയും ദുരാചരങ്ങളെയും നിയമം വഴി നിരോധിക്കുന്ന ബില്ലുമായി ബന്ധപ്പെട്ടതായിരുന്നു ചർച്ച.
2015 ഡിസംബർ 30 ന് വടക്കൻ കർണ്ണാടകത്തിലെ ധർവാദയിലാണ് ഈ കൊലപാതകം നടന്നത്. കേസിൽ പിടിയിലായ രണ്ട് പേരിൽ ഒരാളായ ഗണേഷ് മിസ്‌കിൻ ആണ് ഈ കാര്യം സമ്മതിച്ചത്. സെപ്റ്റംബർ 15 നാണ് അമിത് ബഡിയെയും ഗണേഷിനെയും ക്രൈം ബ്രാഞ്ച് സിഐഡി സംഘം അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും ഇവരുടെ പങ്ക് സംശയിക്കുന്നുണ്ട്. തീവ്ര ഹിന്ദു സംഘടനകളുടെ പ്രവർത്തകരായിരുന്നു ഇരുവരും. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവരടക്കം 16 പേർ പിടിയിലായത്.
കൽബർഗിയെ കൊല്ലാൻ പോകുന്ന കാര്യം തനിക്കറിയാമായിരുന്നുവെന്നാണ് മിസ്‌കിൻ പറഞ്ഞത്. താൻ കൊലപാതകത്തിൽ പങ്കാളിയായില്ലെന്നും അയാൾ പൊലീസിനോട് പറഞ്ഞു.