Kalaingar K Karunanidhi health live updates:
“കലൈഞ്ജരുടെ ആരോഗ്യത്തിന് അപ്രതീക്ഷിതമായ ഒരു തിരിച്ചടി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ക്രിട്ടിക്കല്‍ കെയര്‍ കൊണ്ട് അത് സാധാരണ ഗതിയിലേക്ക് എത്തുന്നുണ്ട്. ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തെ നിരന്തരം ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. ഒരു തരത്തിലുള്ള കലാപങ്ങളില്‍ ഏര്‍പ്പെടുകയോ, പോലീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയോ, പൊതുജനത്തെ ശല്യപ്പെടുത്തുകയോ ചെയ്യരുത് എന്ന് എല്ലാ അണികളോടും അഭ്യര്‍ഥിക്കുകയാണ്”, കരുണാനിധിയുടെ മകനും ഡി എം കെ ഉപാധ്യക്ഷനുമായ എം കെ സ്റ്റാലിന് പ്രസ്താവനയില്‍ പറയുന്നു.
കരുണാനിധി ആശുപത്രിയില്‍ എത്തിയത് മുതല്‍ ഒപ്പമുണ്ടായിരുന്ന സ്റ്റാലിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോയി.
காவேரி மருத்துவமனை அளித்த அறிக்கையின் படி, தலைவர் கலைஞர் அவர்களின் உடல்நிலையில் சற்று பின்னடைவு ஏற்பட்டாலும், தற்போது தலைவர் நலமாக, தொடர்ந்து மருத்துவர்களின் கண்காணிப்பில் இருக்கிறார். ஆகவே, கழகத் தோழர்கள் பொதுமக்களுக்கு இடையூறு அளிக்காமல், அமைதி காக்க வேண்டுகிறேன்!
— M.K.Stalin (@mkstalin) July 29, 2018
ചെന്നൈ കാവേരി ആശുപത്രിയ്ക്ക് മുന്നിലെ ദൃശ്യങ്ങള്‍
“കലൈഞ്ജരുടെ ആരോഗ്യം കുറച്ചു നേരത്തേക്ക് മോശമായി എന്നത് സത്യമാണ്. എന്നാല്‍ ഇന്റെന്സിവ് കെയര്‍ കൊണ്ട് അത് തരണം ചെയ്തു. കേട്ടുകേള്‍വികളില്‍ വിശ്വസിക്കരുത്. അദ്ദേഹം ഐ സി യുവില്‍ തന്നെ തുടരുകയാണ്”, ഡി എം കെ നേതാവ് എ രാജ പറഞ്ഞു.
ഡി എം കെ പ്രസിഡന്റും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയെ കാവേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു അദ്ദേഹം.
രാജയുടെ വാക്കുകളെ അവിടെ തടിച്ചു കൂടിയിരുന്ന ഡി എം കെ അണികള്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു. ആശുപത്രിയിലും പരിസരത്തുമായി നൂറുകണക്കിന് പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. അണികളും പോലീസുമായി ചെറിയ സംഘര്‍ഷവും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
#WATCH: Outside visuals of Chennai’s Kauvery hospital, where DMK Chief M Karunanidhi is admitted. Police lathi charge crowd gathered outside. #TamilNadu pic.twitter.com/3fkR0LFlb1
— ANI (@ANI) July 29, 2018
വൈകുന്നേരത്തിന് ശേഷം രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ച ആശങ്കകൾ ഉയർന്നിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഏറ്റവും പുതിയ മെഡിക്കൽ ബുളളറ്റിനിൽ കാവേരി ആശുപത്രി അധികൃതർ അറിയിച്ചത്.
അണുബാധയെ തുടർന്ന് ആരോഗ്യ നില മോശമായ കരുണാനിധിയെ കഴിഞ്ഞ ദിവസം ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ വീട്ടിൽ ആശുപത്രി സൗകര്യങ്ങളോടെയായിരുന്നു ചികിത്സിച്ചിരുന്നത്. അവിടെ നിന്നുമാണ് ആശുപത്രിയിലേയ്ക്ക് കഴിഞ്ഞ ദിവസം രാത്രിയോടെ മാറ്റിയത്.

ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, തമിഴ് നാട് ഗവർണർ ബൻവാരിലാൽപുരോഹിത് വിവിധ രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയിരുന്നു. മക്കൾ ഉൾപ്പടെ കുടുംബാഗംങ്ങൾ ആശുപത്രിയിലുണ്ട്.
”കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു”, കരുണാനിധിയെ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷം വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.
ഗോപാലപുരത്തെ വീട്ടിൽ നിന്നും 27 ആം തീയതി അർധരാത്രിയോടെയാണ് കരുണാനിധിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആശുപത്രിയിൽ അദ്ദേഹത്തിന്റെ ആരാധാകരും ഡി എം കെ യുടെ അണികളും ആ സമയം മുതൽ എത്തുന്നുണ്ടായിരുന്നു. ചെന്നൈയിൽ അതീവ സുരക്ഷാ നടപടികളെടുത്തിട്ടുണ്ട്.