തോട്ടിപ്പണിക്കാരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു വച്ച, കക്കൂസ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക ദിവ്യാ ഭാരതിക്ക് വധഭീഷണി. പിന്നോക്ക ജാതിയില്‍ പെട്ടവരുടെ ജീവിതങ്ങള്‍ സ്‌ക്രീനിലേക്ക് പകര്‍ത്തിയതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തി ഫോണ്‍കോളുകള്‍ വന്നെന്നും തന്നെ കൊല്ലുമെന്നും റേപ്പ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും ദിവ്യ ആരോപിച്ചു.

പുതിയ തമിഴകം പാര്‍ട്ടിയുടെ നേതാവായ ഡോ. കെ. കൃഷ്ണമൂര്‍ത്തിയുടെ നിര്‍ദ്ദേശ പ്രകാരം, പാര്‍ട്ടിയുടെ അണികളാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്നും ദിവ്യ ആരോപിച്ചു.

Read More: മാൻഹോളിന്റെ സംവിധായിക വിധു വിൻസെന്റ് എഴുതുന്നു: “അയ്യോ ‘അത്’ കാണാൻ പറ്റുന്നില്ല”, നമ്മുടെ സൗന്ദര്യ സങ്കൽപ്പത്തെ തിരുത്തിയെഴുതുന്നു ഈ പാട്ട്

ഐസ(ആള്‍ ഇന്ത്യ സ്റ്റുഡെന്റ്‌സ് അസോസിയേഷന്‍)യുടെ മധുരൈ ജില്ലാ കണ്‍വീനര്‍ കൂടിയാണ് ദിവ്യ ഭാരതി. തന്റെ തലയ്ക്ക് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടാണ് വാട്‌സ്ആപ്പ് വഴി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ദിവ്യ പറഞ്ഞു. കുറേ നാളുകളായി ഇവര്‍ തന്റെ പുറകെയുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ദിവ്യ ആരോപിച്ചു.

തമിഴ്‌നാട്ടിലെ വിരുധുനഗര്‍ സ്വദേശിയാണ് ദിവ്യ. 2015ല്‍ രണ്ട് തോട്ടിപ്പണിക്കാര്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടതാണ് ദിവ്യയെ ഇത്തരമൊരു ഡോക്യുമെന്ററി ചെയ്യാന്‍ പ്രേരിപ്പിച്ചത്. പോലീസും മറ്റ് അധികൃതരും പല സ്ഥലങ്ങളിലും ഇതിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചുവെന്നും ദിവ്യ പറയുന്നു. ഡല്‍ഹിയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചു. അതും നടന്നില്ല. താന്‍ മാവോയിസ്റ്റാണോ എന്നുചോദിച്ചാണ് സര്‍ക്കാരിന്റെ അന്വേഷണ വിഭാഗം ഇത് തടഞ്ഞത് എന്നും സംവിധായിക നേരത്തേ വെളിപ്പെടുത്തിയിരുന്നു. യൂടൂബില്‍ ഡോക്യുമെന്ററി മികച്ച പ്രതികരണം നേടിയിരുന്നു. കാണുമ്പോള്‍ അറപ്പുതോന്നുന്നുണ്ടെങ്കില്‍ അത് അനുഭവിക്കുന്ന മനുഷ്യരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാനും അവര്‍ക്കൊപ്പം നിലകൊളളാനും ഈ ഡോക്യുമെന്ററി സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ