ഹൈദരാബാദ്: തെന്നിന്ത്യൻ താരം കാജല്‍ അഗർവാളിനെ നേരിൽ കാണാൻ അവസരം നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും 75 ലക്ഷം രൂപ തട്ടിച്ചു. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ‘ലൊക്കാന്റോ’യുടെ പേരില്‍ തമിഴ് സിനിമാ നിര്‍മാതാവാണ് പറ്റിച്ചതെന്ന് യുവാവിന്റെ പിതാവ് പൊലീസിൽ പരാതി നല്കി. ഇതിനെ തുടര്‍ന്ന് നിർമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവില്‍ നിന്നും 75 ലക്ഷം രൂപയാണ് നിർമാതാവ് തട്ടിയെടുത്തത്.
കഴിഞ്ഞയാഴ്ച ചെന്നൈയിലെ അശോക് നഗർ പ്രദേശത്തെ ലോഡ്ജിൽ നിന്ന് ശരവണകുമാർ എന്ന ഗോപാലകൃഷ്ണനെ (37) അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ശരവണകുമാറിന്റെ അറസ്റ്റിനൊപ്പം വ്യാജ ലോക്കാന്റോയുടെ പേരിൽ വെബ്സൈറ്റ് പ്രവർത്തിപ്പിക്കുന്ന ഒരു ഓൺലൈൻ റാക്കറ്റിനേയും രാമനാഥപുരം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന തലസ്ഥാനത്ത് നിന്ന് 540 കിലോമീറ്റർ അകലെയുള്ള രാമനാഥപുരത്ത് നിന്നും കസ്റ്റഡിയിൽ എടുത്ത ശരവണകുമാറിൽ നിന്ന് ഒൻപത് ലക്ഷം രൂപ കണ്ടെടുത്തതായി കേസുമായി ബന്ധപ്പെട്ട് പൊലീസ് പറഞ്ഞു.
രാമനാഥപുരത്തെ ബിസിനസുകാരനായ കതിരേശന്റെ മകനാണ് കുമാർ. സുഹൃത്തുക്കള്‍ വഴിയാണ് നടിമാരെ നേരില്‍ പരിചയപ്പെടാനുള്ള വെബ്സൈറ്റിനെ കുറിച്ച് ഇയാൾ അറിയുന്നത്. പേര് രജിസ്റ്റര്‍ ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ ഫോണ്‍ വഴി ഒരാള്‍ ബന്ധപ്പെട്ടു. തങ്ങള്‍ അയക്കുന്ന ഫോട്ടോയില്‍ നിന്ന് പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന താരത്തെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ഇതിനായി 50,000 രൂപ ഓണ്‍ലൈനായി അടയ്ക്കാനും യുവാവിനോട് ആവശ്യപ്പെട്ടു. ഇയാൾ കാജൽ അഗർവാളിന്റെ ഫോട്ടോ തിരഞ്ഞെടുക്കുകയും പണം അടയ്ക്കുകയും ചെയ്തു. കാജൽ അഗർവാൾ രണ്ടു ദിവസത്തിനകം രാമനാഥപുരത്ത് എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ആദ്യം നടിയുടെ വിവരങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് അശ്ലീല സൈറ്റുകളുടെ ലിങ്കുകള്‍ മാത്രം അയക്കാന്‍ തുടങ്ങി. ഇതോടെ ചതി മനസിലായ കുമാർ പിന്മാറാന് ശ്രമിച്ചെങ്കിലും കോള്‍ വിവരങ്ങളും മറ്റും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അയാള്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടു. കുമാർ ഒരു ധനികനായ ബിസിനസുകാരന്റെ മകനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിളിച്ചയാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. കാജൽ അഗർവാളുമൊത്തുള്ള തന്റെ മോർഫ് ചെയ്ത ഫോട്ടോകൾ അദ്ദേഹം കുമാറിനെ കാണിക്കുകയും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയെ തുടർന്ന് 75 ലക്ഷം രൂപ നൽകിയ ശേഷം കുമാർ രണ്ടുമാസം മുമ്പ് വീട് വിട്ട് കൊൽക്കത്തയിൽ എത്തി.
താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് കുമാർ കൊൽക്കത്തയിൽ നിന്ന് പിതാവിനെ വിളിച്ചു. പിതാവ് കതിരേശൻ രാമനാഥപുരം പൊലീസിനെ സമീപിച്ച് പരാതി നൽകി. കൊൽക്കത്തയിൽ നിന്നും കുമാറിനെ ജൂലൈ ആദ്യ വാരത്തിൽ കണ്ടെത്തി.
പണം കൈമാറിയ ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് കുമാർ പൊലീസിനോട് പറഞ്ഞു. അയൽനാടായ ശിവഗംഗ ജില്ലയിലെ ബവനാക്കോട്ടൈ ഗ്രാമത്തിലെ ശിവ എന്ന മണികണ്ഠന്റെ പേരിലാണ് അക്കൗണ്ട് ഉള്ളതെന്ന് പൊലീസ് കണ്ടെത്തി. രണ്ടാഴ്ച മുമ്പാണ് ശിവയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്.
നാർകോട്ടിക്സ് എന്ന തമിഴ് ചിത്രം സംവിധാനം ചെയ്യുകയാണ് താനെന്ന് ശിവ പൊലീസിനോട് പറഞ്ഞു. ശിവഗംഗ ജില്ലയിൽ നിന്നുള്ള ശരവണകുമാറാണ് ചിത്രം നിർമിക്കുന്നത്. തന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ശരവണകുമാറിന് നൽകിയതെന്നും ശിവ പറഞ്ഞു.
പ്രതികളിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും ഒരു മൊബൈൽ ഫോണും മാത്രമേ തങ്ങൾക്ക് വീണ്ടെടുക്കാൻ കഴിഞ്ഞുള്ളൂവെന്നും ബാക്കി പണം ക്രിക്കറ്റ് ചൂതാട്ടത്തിനായി ചെലവഴിച്ചതായി പ്രതികൾ അവകാശപ്പെടുന്നുവെന്നും രാമനാഥപുരം പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് മീന പറഞ്ഞു.