കാബൂൾ: അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിന് സമീപം വീണ്ടും ഭീകരാക്രമണം നടന്നു. കാബൂളിലെ മിലിട്ടറി അക്കാദമിക് സമീപമാണ് രാവിലെ സ്ഫോടനം നടന്നത്. കഴിഞ്ഞ ദിവസം ആംബുലൻസ് പൊട്ടിത്തെറിച്ച് നൂറിലേറെ പേർ മരിച്ചതിന് പിന്നാലെയാണ് ഈ ആക്രമണവും.

അഫ്ഗാനിസ്ഥാനിൽ വൻ സുരക്ഷാ വെല്ലുവിളിയാണ് ഈ ആക്രമണത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഭീകരവാദികളും സൈനികരും തമ്മിൽ മിലിട്ടറി അക്കാദമിക് സമീപം വെടിവയ്പ് തുടരുകയാണ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തെത്തിയിട്ടില്ല. സ്ഥലത്ത് സംഘർഷം രൂക്ഷമായതിനാലാണിത്.

വിദേശ എംബസികളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന സ്ഥലത്തിന് സമീപത്തെ പൊലീസ് ചെക്പോയിന്റിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഏറെ തിരക്കേറിയ പ്രദേശത്ത് ഉഗ്രശേഷിയുളള സ്ഫോടകവസ്തുക്കൾ നിറച്ച ആംബുലൻസാണ് പൊട്ടിത്തെറിച്ചത്. നൂറിലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിൽ 200 ഓളം പേർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാനാണ് ഏറ്റെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ