കാബൂൾ: അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ രണ്ടിടങ്ങളിലായി നടന്ന ചാവേർ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. 30 ലേറെ പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. വാർത്ത ഏജൻസിയായ എഎഫ്‌പിയുടെ ഫോട്ടോഗ്രാഫറും ആക്രമണത്തിൽ മരിച്ചു.

ആദ്യ സ്ഫോടനം നടന്ന് മിനിറ്റുകൾക്കകമാണ് രണ്ടാമത്തെ സ്ഫോടനവും നടന്നത്. ഷാ മരൈ എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. രണ്ട് പൊലീസുകാർക്കും ആക്രമണത്തിൽ പരുക്കേറ്റു.

ആദ്യത്തെ ചാവേർ മോട്ടോർബൈക്കിലാണ് എത്തിയത്. ഈ സ്ഫോടനം നടന്നപ്പോൾ ഇവിടേക്ക് എത്തിയ മാധ്യമപ്രവർത്തകരുടെ കൂട്ടത്തിലായിരുന്നു രണ്ടാമത്തെ ചാവേർ ഉണ്ടായിരുന്നത്. ഇയാൾ പൊട്ടിത്തെറിച്ചതോടെയാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്.

വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് തടസപ്പെടുത്താൻ താലിബാൻ നടത്തുന്ന ശ്രമം രാജ്യത്താകമാനം സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിന്റെ മറപറ്റിയാണ് ഈ രണ്ട് സ്ഫോടനങ്ങളും നടന്നത്. ഒരാഴ്ചക്ക് മുൻപ് തിരഞ്ഞെടുപ്പിനുളള വോട്ടർപട്ടിക പുതുക്കുന്ന കേന്ദ്രത്തിൽ നടന്ന സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook