വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു പുറത്തുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തില്‍ തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തി കേന്ദ്രങ്ങളിലൊന്നായ നംഗഹാര്‍ പ്രവശ്യയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. ഐഎസ് സൂത്രധാരനെ ആക്രമണത്തില്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
”ഐസ്‌ഐസ്-കെ ആസൂത്രകനെതിരെ അമേരിക്കന്‍ സേന ഇന്ന് ആക്രമണം നടത്തി. അഫ്ഗാനിസ്ഥാനിലെ നംഗഹാര്‍ പ്രവിശ്യയിലാണ് ആളില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഞങ്ങള്‍ ലക്ഷ്യം വച്ചയാളെ വധിച്ചതായാണ് പ്രാഥമിക സൂചനകള്‍. സാധാരണക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ല,”സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു.
വിമാനത്താവള ആക്രമണം നടന്ന് 48 മണിക്കൂർ തികയും മുൻപാണ് അമേരിക്ക തിരിച്ചടി നൽകിയത്. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.
Also Read: കാബൂള്‍ സ്‌ഫോടനം: ആരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന്‍?
സുരക്ഷ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അമേരിക്കന്‍ പൗരന്മാരോട് എത്രയും വേഗം കാബൂള്‍ വിമാനത്താവളത്തിന്റെ പരിസരത്തുനിന്ന് മാറണമെന്ന് യുഎസ് എംബസി നിര്‍ദേശം നല്‍കി. അഫ്ഗാനിസ്ഥാനില്‍ തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങള്‍ വേഗത്തിലാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കാബൂള്‍ വിമാനത്താവള കവാടത്തിനു സമീപം വ്യാഴാഴ്ച നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ മരണസംഖ്യ ഇരുനൂറിലേക്ക് അടുക്കുകയാണ്. കുറഞ്ഞത് 170 സാധാരണക്കാരും 13 യുഎസ് സര്‍വിസ് അംഗങ്ങളും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നൂറിലേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചാവേര്‍ ആക്രമണം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
Also Read: കാബൂൾ ഇരട്ട സ്ഫോടനം; ഒരാളാണ് ആക്രമണം നടത്തിയതെന്ന് പെന്റഗൺ; മരണ സംഖ്യ 170 കടന്നു