/indian-express-malayalam/media/media_files/uploads/2021/07/K-Rail-Silver-Line-Project-FI.jpg)
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിലുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു. പദ്ധതിയുടെ അന്തിമ അനുമതി സാങ്കേതിക-സാമ്പത്തിക സാധ്യകളെ ആശ്രയിച്ചിരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
"പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിലനില്‍ക്കുന്നതാണ്. നിലവിൽ പദ്ധതി രൂപകല്പന ചെയ്ത രീതിയിലാണ് ഇത് നടപ്പിലാക്കുന്നതെങ്കിൽ സംസ്ഥാനത്തിനുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം എത്രത്തോളമായിരിക്കുമെന്നത് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം," അദ്ദേഹം വ്യക്തമാക്കി.
"പദ്ധതിയ്ക്ക് അന്തിമ അനുമതി നല്‍കുന്നത് വിശദമായ സാങ്കേതിക-സാമ്പത്തിക റിപ്പോര്‍ട്ടുകളെ ആശ്രയിച്ചിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികവശവും പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ പാരിസ്ഥിതിക സാഹചര്യങ്ങളും അനുകൂലമാണൊ അല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട്," പദ്ധതിയുടെ അംഗീകാരം സംബന്ധിച്ച് തുടരുന്ന അനിശ്ചിതത്വത്തെക്കുറിച്ചുള്ള എറണാകുളം എംപി ഹൈബി ഈഡന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
63,491 കോടി രൂപയില്‍ ഒരുങ്ങുന്ന പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. "88 കിലോമീറ്റര്‍ പാലവും 36 കിലോമീറ്റര്‍ തുരങ്കവും ഉള്‍പ്പെടുന്ന 530 കിലോമീറ്ററിന്റെ പദ്ധതിയാണിത്. സാധാരണ ട്രെയിനുകള്‍ക്ക് പദ്ധതിയുടെ ലൈന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല," മന്ത്രി വ്യക്തമാക്കി.
"തത്വത്തിലുള്ള അംഗീകാരം കൊണ്ട് അർത്ഥമാക്കുന്നത് പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാമെന്നാണ്. അതായത് പദ്ധതി പൂർത്തിയാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് മനസിലാക്കുന്നതിനുള്ള കാര്യങ്ങള്‍. സാധ്യതാ പഠനങ്ങൾ, സർവേകൾ, വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കൽ തുടങ്ങിയവയാണിത്. എന്നാൽ ഒരു ഡിപിആർ തയ്യാറാക്കിയെന്നതുകൊണ്ട് ഇന്ത്യൻ റെയിൽവേ ആ പദ്ധതിക്ക് ഭൂമി വിട്ടുകൊടുത്തു എന്നല്ല," മന്ത്രി പറഞ്ഞു. ഭൂമിയേറ്റടുക്കല്‍ സംബന്ധിച്ച് സര്‍വെ കല്ലിടുന്നതിന് അനുമതിയുണ്ടോ എന്ന ഹൈബിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അതേസമയം, കേരളത്തിലെ ജനങ്ങള്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയതാണെന്ന് എഎം ആരിഫ് എംപി പറഞ്ഞു. കെ റെയില്‍ കേന്ദ്രത്തിന്റെ പദ്ധതികൂടിയാണ്. അംഗീകാരം നല്‍കാതെ ഒഴിവാക്കിയാല്‍ വികസനത്തിനെതിരായ നിലപാടായി മാറുമെന്നും ആരിഫ് പറഞ്ഞു. പദ്ധതി കമ്മ്യൂണിസ്റ്റ് ക്രൂരതയും ഭീകരതയുമാണെന്നായിരുന്നു കോടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടത്.
Also Read: ഗുലാം നബി അസാദിനോട് സംസാരിച്ച് സോണിയ; കൂട്ടായ നേതൃത്വം വേണമെന്ന് ജി-23 നേതാക്കള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.