മുംബൈ: മുംബൈ മുൻ മുനിസിപ്പൽ കമ്മീഷണറും മലയാളിയുമായ കെ നളിനാക്ഷൻ (79) അന്തരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പൂജ നടത്തുന്നതിനിടെ മുണ്ടിന് തീപിടിച്ച അദ്ദേഹത്തെ ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് സ്വദേശിയായ കെ നളിനാക്ഷൻ 1967 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 1999 മുതൽ 2001 വരെ മുംബൈ മുനിസിപ്പൽ കമ്മീഷണറായി ജോലി ചെയ്ത അദ്ദേഹം പിന്നീട് മഹാരാഷ്ട്രയിൽ ഗതാഗത, എക്സൈസ് വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായി. വിരമിച്ച ശേഷം മുംബൈ ചർച്ച്‌ഗേറ്റിലുള്ള അപ്പാർട്ട്മെന്റിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
പൂജക്കിടെ തന്റെ പിതാവിന്റെ മുണ്ടിൽ തീപിടിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് നളിനാക്ഷൻ പറഞ്ഞു.
Read More: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മലയാളി ഉള്‍പ്പടെ രണ്ട് സൈനികർ മരിച്ചു
“എന്റെ പിതാവ് ജീവിതത്തിൽ ഒരിക്കലും പൂജ മുടക്കിയിരുന്നില്ല. എല്ലാ ദിവസവും രാവിലെ പൂജ ചെയ്യുമായിരുന്നു. ബുധനാഴ്ച രാവിലെ 8.30 ന് പൂജ നടത്തവെ കർപ്പൂര ദീപം തെളിയിച്ചപ്പോൾ മുണ്ടിന് തീ പിടിച്ചു. എന്റെ അമ്മയും വീട്ടു ജോലി ചെയ്യുന്ന സ്ത്രീയും അന്ന് വീട്ടിലുണ്ടായിരുന്നു. പൂജാ മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. തീപിടിച്ച കാര്യം അവർ അറിയുമ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അദ്ദേഹം ബെൽറ്റ് ധരിച്ചിരുന്നതിനാൽ മുണ്ട് മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. ഞങ്ങൾ അദ്ദേഹത്തെ ബൈക്കുളയിലെ മസീന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ സ്ഥിതി വഷളാവാനും തുടങ്ങി. അദ്ദേഹം വെള്ളിയാഴ്ച അന്തരിച്ചു,’’ ശ്രീജിത് പറഞ്ഞു.
പിതാവിന് 80 മുതൽ 90 ശതമാനം വരെ പൊള്ളലേറ്റിരുന്നതായി ശ്രീജിത്ത് പറഞ്ഞു.