തിരുവനന്തപുരം: ലോ അക്കാദമി സമരം 23 ദിവസമാകുമ്പോൾ വട്ടിയൂർക്കാവ് എം എൽ എയും കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ നിരാഹാരം തുടങ്ങി. ഇന്ന് രാവിലെ പത്ത് മണിക്കാണ് എസ് എഫ് ഐ ഒഴികെയുള്ള വിദ്യർത്ഥി സംഘടനകൾ സമരം നടത്തുന്നതിനൊപ്പം കെ. മുരളീധരൻ നിരാഹാരം തുടങ്ങിയത്. മുരളീധരന്റെ മണ്ഡലത്തിലാണ് പേരൂർക്കട ലോ അക്കാദമി സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും ഒഴിയാമെന്ന് മാനേജ്മെന്റും എസ് എഫ് ഐയും തമ്മിൽ ധാരണയായതോടെ എസ് എഫ് ഐ സമരം പിൻവലിച്ചു. ഇന്ന് മുതൽ ലോ അക്കാദമിയിൽ ക്ളാസുകൾ ആരംഭിക്കുമെന്ന് ധാരണയായതിന് പിന്നാലെയാണ് മുരളീധരൻ സമരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ബി ജെ പി മുൻ പ്രസിഡന്റായ വി. മുരളീധരനെ ആരോഗ്യ നില മോശമായതിനെ തുടർന്ന് നിരാഹാര പന്തലലിൽ നിന്നും ആശുപത്രിയിലേയ്ക്കു മാറ്റി പകരം വി. വി. രാജേഷ് സമരം ആരംഭിച്ചു.
എസ് എഫ് ഐ സമരത്തിൽ നിന്നും പിന്മാറിയെങ്കിലും ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം
രാജിവെയ്ക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥി സംഘടനകളായ എ ഐ എസ് എഫ്, കെ എസ് യു, എ ബി വി പി, എ ഐ ഡി എസ് ഒ എന്നിവർ. വിദ്യാർത്ഥി സംഘനടകളുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ ബി ജെ പി നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് ഹർത്താൽ നടത്തി. ലോ അക്കാദമിയിലേയ്ക്കു നടത്തിയ മാർച്ചിൽ നടന്ന അക്രമത്തിന് നേരെ പൊലിസ് ലാത്തി ചാർജിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി വാവ ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റു.