ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖർ റാവു സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം തവണയാണ് ചന്ദ്രശേഖർ റാവു തെലങ്കാനയുടെ മുഖ്യമന്ത്രിയാകുന്നത്. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി മുഹമ്മദ് മെഹമൂദ് അലിയും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.

തിരഞ്ഞടുപ്പിൽ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വമ്പിച്ച ജയം നേടിയിരുന്നു. 119 അംഗ സഭയില്‍ 88 സീറ്റിലാണ് ടിആര്‍എസ് വിജയിച്ചത്. റാവുവിനെ തോൽപ്പിക്കാൻ കോൺഗ്രസ്സും ടിഡിപിയും ചേർന്ന് വിശാലസഖ്യം രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ ഫലം കണ്ടില്ല. വിശാലസഖ്യത്തെ നിലംപരിശാക്കിയായിരുന്നു ടിആർഎസ്സിന്റെ വിജയം.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായാണു ചന്ദ്രശഖർ റാവു രാഷ്ട്രീയ ജീവിതമാരംഭിച്ചത്. തെലുങ്കുദേശം പാർട്ടിയിലായിരിക്കെ എൻടിആർ, ചന്ദ്രബാബു നായിഡു മന്ത്രിസഭകളിൽ അംഗമായിരുന്നു. 2001 ൽ ടിഡിപി വിട്ടു ചന്ദ്രശേഖർ റാവു ടിആർഎസ് രൂപീകരിച്ചു. തെലങ്കാന സംസ്ഥാന രൂപീകരണം മാത്രമായിരുന്നു പാർട്ടിയുടെ ലക്ഷ്യം. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്നെങ്കിലും സംസ്ഥാനം രൂപീകരിക്കാൻ കോൺഗ്രസ് താൽപര്യം കാട്ടാത്തതിനാൽ പാർട്ടി വിട്ടു.

തെലങ്കാന സംസ്ഥാനം രൂപീകരിക്കാൻ ചന്ദ്രശേഖർ റാവു വർഷങ്ങളുടെ പോരാട്ടമാണ് നടത്തിയത്. ഒടുവിൽ 2014 ജൂണിൽ തെലങ്കാന സംസ്ഥാനം രൂപംകൊണ്ടു. സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ടിആർഎസ് വിജയിച്ച് അധികാരത്തിലേറുകയും തെലങ്കാനയുടെ ആദ്യമുഖ്യമന്ത്രിയായി ചന്ദ്രശേഖർ റാവു അധികാരമേൽക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook