ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു കഴിഞ്ഞ നാലു വർഷത്തിനിടെ സമ്പാദിച്ചത് 5.5 കോടി രൂപ. ഈ വർഷത്തിനിടയിൽ 16 ഏക്കർ കൃഷി ഭൂമിയും സ്വന്തമായി വാങ്ങി. ഗജ്‌വാൾ നിയമസഭാ മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന ചന്ദ്രശേഖർ റാവു നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുളളത്.

തെലങ്കാന രാഷ്ട്രീയ സമിതിയുടെ നേതാവായ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടി ചിഹ്നം കാറാണ്. പക്ഷേ തനിക്ക് സ്വന്തമായി കാറില്ലെന്നാണ് സത്യവാങ് മൂലത്തിൽ പറഞ്ഞിരിക്കുന്നത്. തന്റെ തൊഴിൽ കൃഷിയാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. തന്റെ ആകെ സമ്പാദ്യം 22.61 കോടിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2014 ലെ സത്യവാങ്മൂലത്തിൽ 15.95 കോടിയായിരുന്നു സമ്പാദ്യമെന്ന് പറഞ്ഞത്. അതേസമയം, തന്റെ കടബാധ്യതയിൽ ഒരു കോടി വർധിച്ച് 8.89 കോടി ആയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2014 ൽ കടബാധ്യത 7.87 കോടിയായിരുന്നു.

2014 ലെ തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ തനിക്ക് 37.70 ഏക്കർ കൃഷിഭൂമിയുണ്ടെന്നായിരുന്നു. എന്നാൽ ഇപ്പോഴത്തേതിൽ ഇത് 54.24 ഏക്കറെന്നാണ് പറഞ്ഞിരിക്കുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങളുടെ പേരിൽ തനിക്കെതിരെ 64 ക്രിമിനൽ കേസുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook