ഇന്നു സമാപിച്ച ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയില്‍ എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ണായക പങ്കാണു വഹിച്ചത്. രാഹുല്‍ ഗാന്ധിയുടെ അടുത്ത സഹായിയായ കെ സി വേണുഗോപാല്‍ അദ്ദേഹത്തോടൊപ്പം യാത്രയിലുടനീളം നടന്നു. യാത്രയ്ക്കു തടസങ്ങളൊന്നുമിലെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തിച്ച പ്രധാന സംഘാടകരിലൊരാളായിരുന്നു അദ്ദേഹം. യാത്രയുടെ നേട്ടങ്ങളെക്കുറിച്ചും കോണ്‍ഗ്രസിന്റെ ഭാവിപദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
യാത്രയെ എങ്ങനെയാണു വിലയിരുത്തുന്നത്? വിജയമാണെന്നാണോ കോണ്‍ഗ്രസ് കരുതുന്നത്?
വേണുഗോപാല്‍: തീര്‍ച്ചയായും. ഞങ്ങള്‍ പ്രതീക്ഷിച്ചതിലുമപ്പുറം വിജയമായിരുന്നു യാത്ര. കന്യാകുമാരിയില്‍നിന്ന് യാത്ര ആരംഭിച്ചപ്പോള്‍, ഇത്തരമൊരു പ്രതികരണമോ ആവേശമോ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ യാത്ര വിജയിക്കുമെങ്കിലും ഉത്തരേന്ത്യയില്‍ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനു വലിയ പ്രയാസമാണെന്നായിരുന്നു തുടക്കത്തില്‍ പറയപ്പെട്ടത്. ഇപ്പോള്‍ ഞങ്ങള്‍ കാശ്മീരിലാണ്, ഏറ്റവും മികച്ച പ്രതികരണം കശ്മീരിലായിരുന്നുവെന്ന് എനിക്കു പറയാന്‍ കഴിയും. ഇന്ത്യയിലെ ജനങ്ങള്‍ യാത്രയെ ഹൃദയത്തില്‍നിന്ന് പിന്തുണച്ചു. അതിനാല്‍ യാത്ര അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു ഞങ്ങളുടെ താഴെ തട്ടുവയെുള്ള പ്രവര്‍ത്തകര്‍ക്കു ഊര്‍ജം പകര്‍ന്നു. എണ്‍പത്തി ഒന്‍പതുകാരനായ ശിവരാജ് പാട്ടീല്‍ മുതല്‍ 10 വയസുള്ള കുട്ടി വരെ… യാത്ര വിജയിപ്പിക്കാന്‍ എല്ലാവരും കഠിനാധ്വാനം ചെയ്തു.
യാത്ര തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും സ്വാധീനമുണ്ടാക്കുമോ?
വേണുഗോപാല്‍: അതിപ്പോള്‍ പറയാനാവില്ല. തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കുകയെന്നതായിരുന്നില്ല യാത്രയുടെ ലക്ഷ്യം. തൊഴിലില്ലായ്മ, വിലക്കയറ്റം, വിഭജനവും വിദ്വേഷവും നിറഞ്ഞ രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ ഞങ്ങളുയര്‍ത്തിയ ചില മൂര്‍ത്തമായ മുദ്രാവാക്യങ്ങള്‍ പ്രതിധ്വനിച്ചിട്ടുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, തികഞ്ഞ രാഷ്ട്രീയ അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നില്ല യാത്ര. പക്ഷേ യാത്ര ഞങ്ങളുടെ സംഘടനയെ താഴെ തട്ടു മുതല്‍ ഊര്‍ജസ്വലമാക്കി. അതു തീര്‍ച്ചയായും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു പങ്കു വഹിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. യാത്രയ്ക്ക് ഉത്തരേന്ത്യയില്‍ ലഭിച്ച സ്വീകരണം ബി ജെ പി നിര്‍മിച്ചെടുത്ത ആഖ്യാനം മാറുന്നുവെന്ന സൂചനയാണു നല്‍കുന്നത്.
രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയില്‍ യാത്രയുടെ സ്വാധീനം എങ്ങനെ കാണുന്നു?
വേണുഗോപാല്‍: രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയില്‍ പ്രശ്നമുണ്ടെന്നു നിങ്ങള്‍ പറയുന്നതിനോട് എനിക്കു യോജിക്കാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിയെക്കുറിച്ച് തെറ്റായ പ്രതിച്ഛായയാണു ബി ജെ പി ഉണ്ടാക്കിയതെന്നു ഞാന്‍ സമ്മതിക്കുന്നു. അദ്ദേഹം എപ്പോഴും ലാളിത്യമുള്ള, അനുകമ്പയുള്ള, ആത്മാര്‍ത്ഥതയുള്ള, വളരെ അറിവുള്ള രാഷ്ട്രീയക്കാരനായിരുന്നു. എന്നാല്‍ ബിജെപിയും സംഘപരിവാറും 10 വര്‍ഷമായി അദ്ദേഹത്തിനെതിരെ തുടര്‍ച്ചയായ ആക്രമണം നടത്തി. അദ്ദേഹത്തെ ഇകഴ്ത്താന്‍ ‘പപ്പു’ എന്ന് പരിഹസിച്ചു. ആളുകള്‍ക്കിടയില്‍ മോശമായി ചിത്രീകരിച്ചതിനാല്‍ അത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ അല്‍പ്പം സ്വാധീനിച്ചുവെന്നു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, യാത്രയ്ക്കിടെ അദ്ദേഹം ആയിരക്കണക്കിന് ആളുകളുമായി സ്വതന്ത്രമായി നേരിട്ട് ഇടപഴകി. ഈ ഇടപെടലുകള്‍, ബി ജെ പിയും സംഘപരിവാറും നിരന്തരമായി സൃഷ്ടിച്ച അദ്ദേഹത്തെക്കുറിച്ചുള്ള തെറ്റായ പ്രതിച്ഛായയെ തകര്‍ത്തു. അതു യാത്രയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഞാന്‍ കരുതുന്നു. ലക്ഷക്കണക്കിന് ആളുകളാണു യഥാര്‍ത്ഥ രാഹുല്‍ ഗാന്ധിയെ കണ്ടത്. അദ്ദേഹത്തെ താഴ്ത്തിക്കെട്ടാനുള്ള ബി ജെ പിയുടെ തന്ത്രങ്ങള്‍ ഇനി നടക്കില്ല.
രാഹുല്‍ ഗാന്ധിയുടെ അടിക്കടിയുള്ള വിദേശ സന്ദര്‍ശനങ്ങള്‍ അദ്ദേഹത്തെ ഗൗരവമില്ലാത്തയാളായി കാണാന്‍ കാരണമായെന്നു കരുതുന്നുണ്ടോ? അദ്ദേഹത്തെക്കുറിച്ച് ബി ജെ പി സൃഷ്ടിക്കുന്ന ആഖ്യാനവുമായി ചേരുന്നതല്ലേ അത്?
വേണുഗോപാല്‍: ആരാണ് വിദേശത്ത് പോകാത്തത്? എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ രാഹുല്‍ വിദേശത്തു പോയിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രണ്ടുവര്‍ഷത്തിനിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും ശക്തമായ പ്രചാരണം നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷനല്ലാത്ത കാലത്താണ് അദ്ദേഹം വിദേശത്തു പോയതെന്നതു വസ്തുതയാണ്. എല്ലാ നേതാക്കളും യാത്ര ചെയ്യുന്നു, പക്ഷേ അദ്ദേഹം പോകുമ്പോള്‍ വാര്‍ത്തയാകുകയും ലക്ഷ്യംവച്ചുള്ള ആക്രമണത്തിനു കാരണമാവുകയും ചെയ്യുന്നു. അതെല്ലാം ഇപ്പോള്‍ പൊളിഞ്ഞു. പുതിയൊരു രാഹുല്‍ ഗാന്ധി ജനിക്കുമെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ അദ്ദേഹത്തെക്കുറിച്ച് പ്രചരിപ്പിച്ച തെറ്റായ ചിത്രം പൊളിച്ചെഴുതി.
അപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന എതിരാളിയായി രാഹുല്‍ ഗാന്ധി ഉയര്‍ന്നുകഴിഞ്ഞോ?
വേണുഗോപാല്‍: അതു ജനങ്ങളാണു തീരുമാനിക്കേണ്ടത്. എന്നാല്‍ ആത്മാര്‍ത്ഥതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അനുകമ്പയുടെയും പ്രതീകമായ നേതാവായി ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ന്നിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ഏകോപനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാണ് ആലോചന?
വേണുഗോപാല്‍: ഭാരത് ജോഡോ യാത്രയില്‍ മിക്കവാറും എല്ലാ പാര്‍ട്ടികളും ചേര്‍ന്നു. അവരില്‍ പലരും ശ്രീനഗറില്‍ ഞങ്ങളോടൊപ്പം ചേരും. ബി ജെ പിക്കെതിരെ ഐക്യനിര കെട്ടിപ്പടുക്കാനുള്ള എല്ലാ ശ്രമങ്ങളുടെയും ഭാഗമാകാന്‍ തയാറാണെന്നു കോണ്‍ഗ്രസ് എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അതായിരുന്നു ഞങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ചിന്ത. മര്‍ക്കടമുഷ്ടിയോ പിടിവാശിയോകാണിക്കാതെ അതു പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.
പ്രതിപക്ഷ നേതൃത്വത്തിന്റെ കാര്യമോ?
വേണുഗോപാല്‍: അതൊന്നും ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ല. സമയമാകുമ്പോള്‍ അതെല്ലാം ചര്‍ച്ച ചെയ്യാം. ഐക്യപ്പെടാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും (പാര്‍ട്ടികള്‍) ഒരുമിച്ച് നിര്‍ത്തുകതെന്നതാണ് ഇപ്പോഴത്തെ ആശയം. അതാണു നമ്മുടെ മുന്നിലുള്ള ചിത്രം. അതിനാല്‍ നേതൃത്വത്തെക്കുറിച്ചൊക്കെ സംസാരിക്കുന്നതു വളരെ നേരത്തെയാവും. എന്നാല്‍ രാഹുല്‍ ഗാന്ധിയാണു കോണ്‍ഗ്രസിന്റെ നേതാവെന്നു പാര്‍ട്ടി അധ്യക്ഷന്‍ (മല്ലികാര്‍ജുന്‍ ഖാര്‍ഗെ) ഹൈദരാബാദില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രയ്ക്കുശേഷമുള്ള പദ്ധതികള്‍ എന്തൊക്കെയാണ്?
വേണുഗോപാല്‍: ഹാത്ത് സേ ഹാത്ത് ജോഡോ അഭിയാന്‍ തുടങ്ങിക്കഴിഞ്ഞു. യാത്രയുടെ സന്ദേശവും അതിന്റെ വിജയവും രാജ്യത്തെ രാഷ്ട്രീയസാഹചര്യവും ഞങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും രാജ്യത്തെ മുഴുവന്‍ വീടുകളിലുമെത്തിക്കുന്ന മൂന്നു മാസം നീളുന്ന ഒരു കാമ്പയിനായിരിക്കുമിത്. ജില്ലാതല സമ്മേളനങ്ങള്‍ക്കും സംസ്ഥാനതല റാലികള്‍ക്കുമൊപ്പം വീടുവീടാന്തരം കയറിയുള്ള പ്രചാരണമാണിത്. അതിനുശേഷം ഭാരത് ജോഡോ യാത്രയുടെ രണ്ടാം പാദം ഉണ്ടാകും. അത് എങ്ങനെയായിരിക്കണമെന്ന് അന്തിമ തീരുമാനമായിട്ടില്ല.
പക്ഷേ അതില്‍ രാഹുല്‍ ഗാന്ധി ഉണ്ടാവും. പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളുണ്ട്. എന്നാല്‍ രണ്ടാം പാദം ഉണ്ടാകും. ഈ വര്‍ഷം മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്തുണ്ടാകും.
യാത്രയുടെ സ്വാധീനത്തെ എങ്ങനെ കാണുന്നു?
വേണുഗോപാല്‍: ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ അതിന്റെ സ്വാധീനം നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍ സ്വാധീനമുണ്ട്. വരും ദിവസങ്ങളില്‍ അതു കാണാന്‍ കഴിയും. ബി.ജെ.പിയോട് മത്സരിക്കാനുള്ള സംഘടന കോണ്‍ഗ്രസിനുണ്ടെന്നു യാത്ര തെളിയിച്ചിരിക്കുകയാണ്. ബി ജെ പി ശക്തികേന്ദ്രങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പോലും യാത്ര വിജയകരമായിരുന്നു.
സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോഴും വിഭാഗീയത നേരിടുകയാണല്ലോ?
വേണുഗോപാല്‍: യാത്രയ്ക്കു ശേഷം ഫെബ്രുവരി 24, 25, 26 തീയതികളില്‍ റായ്പൂരില്‍ നടക്കുന്ന എ ഐ സി സി പ്ലീനറിയിലായിരിക്കും ഞങ്ങളുടെ ശ്രദ്ധ. അതിനുശേഷം സംഘടനാ കാര്യങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുക്കും. യാത്ര ഒരു ഗംഭീര വിജയമായിരുന്നു, വ്യക്തിപരമായി എനിക്കതു മറക്കാനാവാത്ത അനുഭവമായിരുന്നു.
സംഘടനാ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍, പി സി സികളുമായി എല്ലാം ആസൂത്രണം ചെയ്യാനും തുടര്‍നടപടികള്‍ ആവിഷ്‌കരിക്കാനും ഏകോപനം തുടരാനും അദ്ദേഹത്തോടൊപ്പം (രാഹുല്‍ ഗാന്ധി) നടക്കാനും സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി സന്ദര്‍ശിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു… യാത്രയില്‍ ചെറിയ പങ്കുവഹിക്കുകയെന്നതു എന്നെ സംബന്ധിച്ച് അഭിമാന നിമിഷമായിരുന്നു…