ന്യൂഡല്‍ഹി: മുതിർന്ന മാധ്യമപ്രവർത്തകൻ ജ്യോതിർമോയ് ഡെ കൊലപാതക കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജൻ കുറ്റക്കാരൻ. മുംബൈ പ്രത്യേക സിബിഐ കോടതിയാണ് ഛോട്ടാ രാജൻ അടക്കം 11 പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചത്.

2011 ജൂണ്‍ 11നാണ് മിഡ്‌ഡേ പത്രപ്രവര്‍ത്തകനായിരുന്ന ജെഡെ വെടിയേറ്റു മരിക്കുന്നത്. പോവായിലെ തന്റെ വസതിയിലേക്ക് വരികയായിരുന്നു അദ്ദേഹം. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം അദ്ദേഹത്തിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. തനിക്കെതിരെയുളള ജെഡെയുടെ ലേഖനങ്ങളിൽ പ്രകോപിതനായ ഛോട്ടാ രാജൻ അദ്ദേഹത്തെ കൊല്ലാൻ നിർദേശം നൽകുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

മുംബൈ പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. കൊലപാതകത്തിൽ ഛോട്ടാ രാജന് പങ്കുളളതായി പൊലീസ് കണ്ടെത്തി. പക്ഷേ ഛോട്ടാ രാജൻ രാജ്യത്തിന് പുറത്ത് ഒളിവിൽ കഴിയുകയാണെന്നും പിടികൂടാൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.

2015 ൽ ഇന്തോനേഷ്യയിൽനിന്നും ഛോട്ടാ രാജൻ പിടിയിലായി. തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. ജെഡെയെ കൊല്ലാൻ നിർദേശം നൽകിയത് ഛോട്ടാ രാജനാണെന്ന് സിബിഐ കണ്ടെത്തി.

2015 ൽ മുതൽ ഡൽഹിയിലെ തിഹാർ ജയിലിലാണ് ഛോട്ടാ രാജൻ. വീഡിയോ കോൺഫറൻസിങ് മുഖേനയാണ് കേസിൽ ഛോട്ടാ രാജന്റെ വിചാരണ നടന്നത്. ഈ കേസിനു പുറമേ 70 ഓളം കേസുകളിൽ പ്രതിയാണ് ഛോട്ടാ രാജൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ