ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കിയുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും യുവ നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ. ജമ്മു കശ്മീരിനെയും ലഡാക്കിനെയും രണ്ടാക്കി ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജ്യോതിരാദിത്യ സിന്ധ്യ.
“ഈ നീക്കത്തെ പിന്തുണക്കുന്നു. ഇന്ത്യയുടെ പൂര്‍ണ ഐക്യത്തിനുവേണ്ടിയുള്ളതാണ് ഈ നീക്കം. ഭരണഘടനാ നടപടിക്രമം അനുസരിച്ചായിരുന്നു ഈ തീരുമാനം എടുത്തിരുന്നതെങ്കില്‍ ഇത് കുറേകൂടി നന്നായേനെ. അപ്പോള്‍ മറ്റ് ചോദ്യങ്ങളൊന്നും ഉയരുമായിരുന്നില്ല. ഈ തീരുമാനം ഇന്ത്യയുടെ താല്പര്യമാണ്. അതിനാല്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണക്കുന്നതായും” സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു.
Read Also: ‘രാഹുലിനൊപ്പം’; ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യ
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കൂടി ബില്ലിനെ പിന്തുണച്ചതോടെ കോണ്‍ഗ്രസ് ആകെ വെട്ടിലായിരിക്കുകയാണ്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് കൂടിയാണ് സിന്ധ്യയുടേത്. അതിനിടയിലാണ് കോണ്‍ഗ്രസ് നിലപാടിനെതിരായി സിന്ധ്യ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഈ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി അടക്കം ബില്ലിനെതിരെ രംഗത്തുവന്നിരുന്നു.
I support the move on #JammuAndKashmir & #Ladakh and its full integration into union of India.
Would have been better if constitutional process had been followed. No questions could have been raised then. Nevertheless, this is in our country’s interest and I support this.
— Jyotiraditya M. Scindia (@JM_Scindia) August 6, 2019
ജൂലായ് ഏഴിനാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം സിന്ധ്യ രാജിവച്ചത്. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സിന്ധ്യ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. നേട്ടം ഒരു സീറ്റില്‍ മാത്രം ഒതുങ്ങി. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയാകട്ടെ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായ അമേഠിയില്‍ തോല്‍ക്കുകയും ചെയ്തു. ഇതെല്ലാമാണ് സിന്ധ്യയുടെ രാജിയ്ക്ക് കാരണം.