ഭോപ്പാൽ: കോൺഗ്രസിൽ നിന്നും രാജിവച്ച മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. പാർട്ടി മേധാവി ജെ.പി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു സിന്ധ്യയുടെ ബിജെപി പ്രവേശനം. സിന്ധ്യയ്ക്ക് രാജ്യസഭാ സീറ്റും മന്ത്രി സ്ഥാനവും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നത്.

സംസ്ഥാനത്തെ 22 നിയമസഭാ അംഗങ്ങൾക്കൊപ്പം സിന്ധ്യയും രാജിസമർപ്പിച്ചത് മധ്യപ്രദേശിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ തകർച്ചയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദർശിച്ചതിന് ശേഷം സിന്ധ്യ തന്റെ രാജി കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

Read More: Covid-19 Live Updates: രോഗിയായതുകൊണ്ട് കൈയൊഴിയണോ? കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

സിന്ധ്യ കോൺഗ്രസിൽ നിന്ന് പുറത്തുപോയതിൽ മുൻ പ്രസിഡന്റ് അമിത് ഷാ നിർണായക പങ്കുവഹിച്ചുവെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. അമിത് ഷാ സിന്ധ്യയുമായി ചർച്ച നടത്തിയിരുന്നുവെന്നും സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നുവെന്നുമാണ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ചർച്ചകൾ നടത്താൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ ചുമതലപ്പെടുത്തിയപ്പോൾ കമൽനാഥ് സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള അടവുകൾ പയറ്റാൻ നരേന്ദ്ര സിംഗ് തോമറിനെ ചുമതലപ്പെടുത്തി.

കോൺഗ്രസിന് ഇപ്പോഴും ചില ശക്തമായ മണ്ഡലങ്ങളുള്ള ഗ്വാളിയോർ-ചമ്പൽ മേഖലയിൽ ബിജെപിയുടെ പിന്തുണാ കേന്ദ്രം ശക്തിപ്പെടുത്താൻ സിന്ധ്യയുടെ സ്വാധീനവും കുടുംബപൈതൃകവും സഹായിക്കും. 1996 ൽ അദ്ദേഹത്തിന്റെ പിതാവ് മാധവറാവു സിന്ധ്യ ഒരു വിമത നീക്കത്തിന്റെ ഭാഗമായിരുന്നു 1996 ൽ മൂന്നാം മുന്നണി സർക്കാറിന്റെ ഭാഗമായ മധ്യപ്രദേശ് വികാസ് കോൺഗ്രസ് എന്ന പ്രത്യേക രാഷ്ട്രീയ സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. എന്നിരുന്നാലും, അദ്ദേഹം പിന്നീട് കോൺഗ്രസിലേക്ക് മടങ്ങി.

അതേസമയം സർക്കാർ വീഴില്ലെന്നും തങ്ങൾക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്നുമാണ് മധ്യപ്രദേശ് കോൺഗ്രസിന്റെ അവകാശവാദം. ആകെ 230 സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. രണ്ട് എംഎൽഎമാരുടെ നിര്യാണത്തെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ ആകെയുള്ള 228 പേരാണ്. ഇതിൽ കോൺഗ്രസ് സർക്കാരിനു 114 എംഎൽഎമാരുണ്ട്. നാല് സ്വതന്ത്രർ, രണ്ട് ബിഎസ്‌പി, ഒരു എസ്‌പി എംഎൽഎമാരുടെ അടക്കം 121 പേരുടെ പിന്തുണയാണ് കമൽനാഥ് സർക്കാരിനുള്ളത്. ബിജെപിക്ക് 116 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. പത്ത് എംഎൽഎമാർ കൂറുമാറിയാൽ കോൺഗ്രസിനു അധികാരം നഷ്‌ടപ്പെടും. ബിജെപിക്ക് അധികാരത്തിലെത്താനും സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook