ന്യൂഡൽഹി: ബിജെപിയിൽ ചേർന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ. ബിജെപി കുടുംബത്തിൽ തന്നെ അംഗമാക്കിയതിൽ മോദിയോടും അമിത് ഷായോടും നന്ദി പറയുന്നതായി സിന്ധ്യ പറഞ്ഞു. ബിജെപിയിൽ ചേർന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് സിന്ധ്യ ബിജെപി പാളയത്തിലെത്തിയത്. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്തുവച്ചാണ് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ സിന്ധ്യയെ സ്വീകരിച്ചത്. ബിജെപിയിൽ ചേർന്നതിനു പിന്നാലെ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സീറ്റ് സിന്ധ്യക്ക് നൽകിയിട്ടുണ്ട്.
“ബിജെപി കുടുംബത്തിൽ എനിക്കൊരു സ്ഥാനം നൽകിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡക്കും ഞാൻ നന്ദി പറയുന്നു. രണ്ട് പ്രധാനപ്പെട്ട ദിവസങ്ങളാണ് എന്റെ ജീവിതത്തിലുള്ളത്. അതിലൊന്ന് 2001 സെപ്റ്റംബർ 30 ആണ്. അന്നാണ് എനിക്ക് എന്റെ പിതാവിനെ നഷ്‌ടപ്പെട്ടത്. അതിനുശേഷം ജീവിതത്തിൽ വളരെ മാറ്റങ്ങൾ വന്നു. രണ്ടാമത്തെ ദിവസം 2020 മാർച്ച് 10 ആണ്. പിതാവിന്റെ 75-ാം ജന്മദിന വാർഷികമാണിന്ന്. ഇതേ ദിവസം ഞാനൊരു സുപ്രധാന തീരുമാനം എടുത്തിരിക്കുന്നു. കോൺഗ്രസിൽ നിന്നുകൊണ്ട് രാജ്യത്തിനു വേണ്ടിയും സംസ്ഥാനത്തിനു വേണ്ടിയും പ്രവർത്തിക്കുകയാണ് എന്റെ പിതാവ് ചെയ്‌തിരുന്നത്. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. കോൺഗ്രസിൽ നിന്നുകൊണ്ട് രാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. കോൺഗ്രസ് പാർട്ടി യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നില്ല,” സിന്ധ്യ പറഞ്ഞു.
Read Also: ഞങ്ങൾ എന്താണ് പറയുന്നതെന്ന് ഊഹിക്കാമോ? ചേട്ടനൊപ്പം നിന്ന് മഞ്ജു ചോദിക്കുന്നു
“കമൽനാഥ് സർക്കാരിനെ സിന്ധ്യ കുറ്റപ്പെടുത്തി. കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാരാണ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ. അധികാരത്തിലെത്തി പത്ത് ദിവസങ്ങൾക്കുള്ളിലാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഇപ്പോൾ അധികാരത്തിലെത്തി 18 മാസം കഴിഞ്ഞിട്ടും ആ പ്രഖ്യാപനം സർക്കാർ നടപ്പിലാക്കിയിട്ടില്ല. ഇത്രയും കാലയളവിനുള്ളിൽ വേണ്ടത്ര തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ കോൺഗ്രസ് സർക്കാരിനു സാധിച്ചിട്ടില്ല. രാജ്യത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കാൻ നരേന്ദ്ര മോദിക്ക് പ്രത്യേക കഴിവുണ്ട്.” സിന്ധ്യ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 22 നിയമസഭാ അംഗങ്ങൾക്കൊപ്പം സിന്ധ്യയും രാജിസമർപ്പിച്ചത് മധ്യപ്രദേശിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ തകർച്ചയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദർശിച്ചതിന് ശേഷം സിന്ധ്യ തന്റെ രാജി കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
Read Also: കോവിഡ് 19: ടിക്കറ്റ് റദ്ദാക്കാന്‍ വന്‍പിഴ; യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍
സിന്ധ്യ കോൺഗ്രസിൽ നിന്ന് പുറത്തുപോയതിൽ മുൻ പ്രസിഡന്റ് അമിത് ഷാ നിർണായക പങ്കുവഹിച്ചുവെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. അമിത് ഷാ സിന്ധ്യയുമായി ചർച്ച നടത്തിയിരുന്നുവെന്നും സ്ഥാനമാനങ്ങൾ വാഗ്‌ദാനം ചെയ്തിരുന്നുവെന്നുമാണ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ചർച്ചകൾ നടത്താൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ ചുമതലപ്പെടുത്തിയപ്പോൾ കമൽനാഥ് സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള അടവുകൾ പയറ്റാൻ നരേന്ദ്ര സിങ് തോമറിനെ ചുമതലപ്പെടുത്തി.
കോൺഗ്രസിന് ഇപ്പോഴും ചില ശക്തമായ മണ്ഡലങ്ങളുള്ള ഗ്വാളിയോർ-ചമ്പൽ മേഖലയിൽ ബിജെപിയുടെ പിന്തുണാ കേന്ദ്രം ശക്തിപ്പെടുത്താൻ സിന്ധ്യയുടെ സ്വാധീനവും കുടുംബപൈതൃകവും സഹായിക്കും. 1996 ൽ അദ്ദേഹത്തിന്റെ പിതാവ് മാധവറാവു സിന്ധ്യ ഒരു വിമത നീക്കത്തിന്റെ ഭാഗമായിരുന്നു 1996 ൽ മൂന്നാം മുന്നണി സർക്കാരിന്റെ ഭാഗമായ മധ്യപ്രദേശ് വികാസ് കോൺഗ്രസ് എന്ന പ്രത്യേക രാഷ്ട്രീയ സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. എന്നിരുന്നാലും, അദ്ദേഹം പിന്നീട് കോൺഗ്രസിലേക്ക് മടങ്ങി.