ന്യൂഡൽഹി: കോവിഡ്-19 ലക്ഷണങ്ങളെ തുടർന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിന്റെ അമ്മ രാജെ സിന്ധ്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കൻ ഡൽഹിയിലെ മാക്സ് ഹോസ്പിറ്റലിലാണ് ഇരുവരും. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ നാല് ദിവസങ്ങളായി ജ്യോതിരാദിത്യ സിന്ധ്യ ആശുപത്രിയിലായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അമ്മയ്ക്ക് തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
Read More: കേജ്രിവാളിന് പനിയും തൊണ്ടവേദനയും; കോവിഡ് ടെസ്റ്റ് നടത്തും, ക്വാറന്റൈനിൽ
നേരത്തെ ബിജെപി ദേശീയ വക്താവ് സാംബിത് പത്രയേയും കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സാംബിത് പത്രയെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തു.
അതേസമയം, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിനും പനിയും തൊണ്ടവേദനയുമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കേജ്രിവാൾ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായത്. അദ്ദേഹത്തിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും കേജ്രിവാൾ റദ്ദാക്കിയിരുന്നു. ഞായറാഴ്ച തന്നെ വൈകീട്ട് കേജ്രിവാൾ വാർത്താസമ്മേളനം നടത്തിയിരുന്നു. അതിനുശേഷം അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു.
ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ നൽകുകയുള്ളൂവെന്ന് കേജ്രിവാൾ അറിയിച്ചിരുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികൾ നിറയാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് ഹരിയാനയിലെ സിവാനി സ്വദേശിയായ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ആശുപത്രികളിൽ പതിനായിരം കിടക്കകൾ ഡൽഹി നിവാസികൾക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്ക്കും ചികിത്സ തേടാം. പ്രത്യേക ചികിത്സ നല്കുന്ന സ്വകാര്യ ആശുപത്രികളും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.