ന്യൂഡല്‍ഹി: ഡോ.ജ്വാല പ്രസാദിനെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ (എന്‍ എസ് ഡി) റജിസ്ട്രാറായി സാംസ്കാരിക മന്ത്രാലയം (അക്കാദമി ഡിവിഷന്) തിരിച്ചെടുത്തു. ‘ദുരുദ്ദേശ്യത്തോടെയുള്ള ഏകപക്ഷീയവും നിയമവിരുദ്ധവുമായ തീരുമാനത്തിന്റെ’ ഭാഗമായാണു തന്നെ നീക്കം ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
”ഡോ. ജ്വാല പ്രസാദിന്റെ ഡെപ്യൂട്ടേഷന് പൊടുന്നനെ അവസാനിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഇത്തരമൊരു ഉത്തരവിനു വ്യക്തമായ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല,” ഉത്തരവ് അസാധുവാക്കാനും ഡോ. ജവാല പ്രസാദിനെ തല്‍സ്ഥാനത്ത് ഉടനടി പ്രാബല്യത്തില്‍ പുനഃസ്ഥാപിക്കാനും എന്‍ എസ് ഡിയോട് നിര്‍ദേശിച്ചുകൊണ്ടുള്ള കത്തില്‍ പറയുന്നു.
ഡോ. ജ്വാല പ്രസാദിനെ ഈ മാസം ഏഴിനാണ് എന്‍ എസ് ഡി റജിസ്ട്രാര്‍ പദവിയില്‍നിന്നു നീക്കിയത്. ‘നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ സൊസൈറ്റിയുടെ ചെയര്‍മാന്റെ അംഗീകാരത്തോടെ’യായിരുന്നു ഈ നീക്കം. തന്നെ മാറ്റുന്നതിനു കാരണം പറയാതെയുള്ള കത്ത് കണ്ട് ഞെട്ടിപ്പോയതായി ബിഹാറില്‍ അവധിയില്‍ കഴിയുന്ന പ്രസാദ് പറഞ്ഞു.
”ഓഗസ്റ്റ് ആറിനു വൈകിട്ടു വരെ എല്ലാം ശരിയായിരുന്നു, പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അദ്ഭുതപ്പെട്ടു. എന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, നീതിയുടെ സ്വാഭാവിക തത്വം സൂചിപ്പിക്കുന്നതു പോലെ എനിക്ക് നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കണമായിരുന്നു,” അദ്ദേഹം പറഞ്ഞു. എന്‍ എസ് ഡിയുടെ നടപടിക്കെതിരെ അദ്ദേഹം സാംസ്കാരിക മന്ത്രാലയത്തിന് അപ്പീല്‍ നല്‍കുകയായിരുന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഏഴിന് എന്‍ സി ഡി ഓഡിറ്റോറിയത്തില്‍ കളക്ടീവ് റെസ്പോണ്‍സ് ടീം സംഘടിപ്പിച്ച ‘സുയാഷ്’ എന്ന പരിപാടിക്ക് അംഗീകാരം നല്കുകയെന്നതായിരുന്നു അവധിക്ക് പോകുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ജോലികളിലൊന്ന്.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഷേധത്തിനു കാരണമായെന്ന് ആരോപിക്കപ്പെടുന്ന ഈ സംഭവം തന്റെ തെറ്റായി പിരിച്ചുവിടലിനു കാരണമായേക്കാമെന്നാണു ജ്വാല പ്രസാദിന്റെ അഭിപ്രായം.