ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ താജ്മഹല്‍ സന്ദര്‍ശിച്ചു. ഭാര്യ സോഫി ജോര്‍ജിയ, മക്കളായ ക്സേവിയര്‍, എല്ല ഗ്രേസ്, ഹഡ്രിയേന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം താജ്മഹല്‍ സന്ദര്‍ശിച്ചത്.
ഇരു രാജ്യവുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതൊക്കെയാണ് തന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളെന്ന് ട്രൂഡോ പുറപ്പെടും മുന്‍പ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഫെബ്രുവരി 25 വരെയാണ് ട്രൂഡോ ഇന്ത്യയിലുണ്ടാവുക. ഇതിനിടെ അമൃത്സറിലെ സുവര്‍ണക്ഷേത്രം, അക്ഷാര്‍ധം ക്ഷേത്രം എന്നിവ കൂടി സന്ദര്‍ശിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രൂഡോ കൂടിക്കാഴ്ച്ച നടത്തും. കാനഡയുടെ വിവിധഭാഗങ്ങളില്‍ സിഖ് സമുദായക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ 23 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമാകും.