ബുലന്ദ്ഷഹര്‍: തന്റെ ഭര്‍ത്താവിന് നീതി നിഷേധിക്കപ്പെടുകയാണെന്ന് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിന്റെ ഭാര്യ. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തയാളാണ് തന്റെ ഭര്‍ത്താവെന്നും ഇതിന് മുമ്പും ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും സുനിത സിങ് പറഞ്ഞു.

‘അദ്ദേഹത്തിനെതിരെ മുമ്പും അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊക്കെ അത് ധൈര്യപൂര്‍വ്വം അദ്ദേഹം നേരിട്ടു. രണ്ട് തവണ മുമ്പ് അദ്ദേഹത്തിനെതിരെ വെടിവയ്പുണ്ടായി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെടുന്നു. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നാല്‍ മാത്രമേ നീതി ലഭിക്കുകയുളളൂ,’ സുനിത പറഞ്ഞു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴാണ് സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത്. എണ്ണത്തില്‍ കുറഞ്ഞ പൊലീസുകാരെ വലതുപക്ഷ പാര്‍ട്ടിയില്‍ പെട്ട പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ സംഘം ആക്രമിക്കുകയായിരുന്നു. ജനക്കൂട്ടം കല്ല് കൊണ്ട് ആക്രമിച്ചതിന് ശേഷം അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സുബോധ് സിങ്ങിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

ബിഫ് കൈയില്‍ വച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് അന്വേഷിച്ചതിനാണ് സുബോധിനെ കൊന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരി ആരോപിച്ചിരുന്നു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തെങ്കിലും മുഖ്യപ്രതികള്‍ ഒളിവിലാണ്. ഇവര്‍ ബജ്റംഗ്‌ദള്‍, വിഎച്ച്പി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ