scorecardresearch

ജസ്റ്റിസ് യു യു ലളിതിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു

ചീഫ് ജസ്റ്റിസ് പദത്തില്‍ മൂന്നു മാസത്തില്‍ താഴെ മാത്രം കാലയളവാണു ജസ്റ്റിസ് ലളിതിനു മുന്നിലുള്ളത്

ചീഫ് ജസ്റ്റിസ് പദത്തില്‍ മൂന്നു മാസത്തില്‍ താഴെ മാത്രം കാലയളവാണു ജസ്റ്റിസ് ലളിതിനു മുന്നിലുള്ളത്

author-image
WebDesk
New Update
UU Lalit, Chief Justice of India, NV Ramana

ന്യൂഡല്‍ഹി: ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമന വാറന്റില്‍ ഒപ്പുവച്ചു.

Advertisment

ജസ്റ്റിസ് യു യു ലളിത് 26നാണു ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ 26നു സ്ഥാനമൊഴിയും.

''സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ, ഭരണഘടനയുടെ 124-ാം അനുച്‌ഛേദത്തിലെ രണ്ടാം വ്യവസ്ഥ പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിച്ച് ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിക്കുന്നു,''' നിയമ മന്ത്രാലയ വിജ്ഞാപനത്തില്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസ് പദത്തില്‍ മൂന്നു മാസത്തില്‍ താഴെ മാത്രം കാലയളവാണു മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് ലളിതിനു മുന്നിലുള്ളത്. 65 വയസ് പൂര്‍ത്തിയാകുന്ന നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും.

Advertisment

ബാറില്‍നിന്നു സുപ്രീം കോടതി ബഞ്ചിലേക്കു നേരിട്ട് ഉയര്‍ത്തപ്പെട്ട രണ്ടാമത്തെ മാത്രം ചീഫ് ജസ്റ്റിസാണ് യു യു ലളിത്. 2004 ഏപ്രിലിൽ സുപ്രീം കോടതി സീനിയർ അഭിഭാഷകനായി ഉയർത്തപ്പെട്ട അദ്ദേഹത്തെ 2014-ലാണു സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്.

1983 ജൂണിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം 1985 ഡിസംബറിൽ ബോംബൈ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1986 ജനുവരിയിൽ ഡൽഹിയിലേക്കു മാറി. 1992 വരെ മുൻ അറ്റോർണി ജനറൽ സോളി ജെ സൊറാബ്‌ജിയോടൊപ്പം പ്രവർത്തിച്ചു. അച്ഛൻ യു ആർ ലളിത് ഡൽഹി ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായിരുന്നു.

സുപ്രീം കോടതിയിൽനിന്നുള്ള പല സുപ്രധാന വിധികളുടെയും ഭാഗമായിരുന്നയാളാണ് ജസ്റ്റിസ് ലളിത്. കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യയെ നാല് മാസം തടവിനും 2000 രൂപ പിഴയ്ക്കും 2017ൽ ശിക്ഷിച്ചത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്.

മുത്തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്നു 2017ലെ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ പഴയ തിരുവിതാംകൂറിലെ രാജകുടുംബങ്ങളുടെ അവകാശങ്ങൾ 2020 ജൂലൈയിൽ ശരിവച്ച ബെഞ്ചിലും ജസ്റ്റിസ് ലളിത് അധ്യക്ഷനായിരുന്നു.

2019 ൽ അയോധ്യ കേസിൽ വാദം കേൾക്കുന്ന ബെഞ്ചിൽനിന്നു ജസ്റ്റിസ് ലളിത് പിന്മാറിയതു വലിയ വാർത്തയായിരുന്നു. 1997-ൽ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടു യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങിനെതിരായ കോടതിയലക്ഷ്യക്കേസിൽ ഹാജരായതു ചൂണ്ടിക്കാണിച്ചായിരുന്നു പിന്മാറ്റം.

Supreme Court Chief Justice Of India President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: