ചെന്നൈ: മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് വിജയ കെ തഹിൽരമണിയെ സ്ഥലംമാറ്റിയത് ജോലിയിലെ അനാസ്ഥ മൂലമെന്ന് കൊളീജിയം റിപ്പോർട്ട്. സ്ഥലംമാറ്റത്തെ തുടർന്ന് തഹിൽരമണി ചീഫ് ജസ്റ്റിസ് സ്ഥാനം രാജിവച്ചിരുന്നു.
കേസുകൾ പരിഗണിക്കാൻ തഹിൽരമണി വളരെ കുറച്ച് സമയം മാത്രമാണ് ചെലവഴിച്ചിരുന്നതെന്നും ഏകപക്ഷീയമായി പെട്ടെന്ന് ഒരു ബെഞ്ച് പിരിച്ച് വിട്ട രീതി ശരിയായില്ലെന്നും, തമിഴ്നാട്ടിലെ ഭരണകക്ഷിയില്‍പെട്ട രാഷ്ട്രീയ നേതാവുമായി തഹിൽരമണിക്ക് അടുപ്പമുണ്ടായെന്നും ഈ അടുപ്പം സ്ഥലംമാറ്റത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ.തഹിൽരമണിയുടെ രാജി സർക്കാർ അംഗീകരിച്ചു
സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമർപ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ജസ്റ്റിസ് വി.കെ.തഹിൽരമണി രാജി പ്രഖ്യാപിച്ചത്. സെപ്റ്റംബർ ആറിനാണ് രാജി സമർപ്പിച്ചത്. മദ്രാസ് ഹൈക്കോടതിയിൽനിന്ന് മേഘാലയയിലേക്കാണ് ജസ്റ്റിസ് വി.കെ.തഹിൽരമണിയെ സ്ഥലംമാറ്റിയത്. ചെന്നൈയിലെ 75 ജഡ്ജിമാരുള്ള ഹൈക്കോടതി, 32 ജില്ലകളിലെ സബോർഡിനേറ്റ് കോടതികൾ, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ കോടതികൾ എന്നിവയുടെ തലപ്പത്ത് നിന്നാണ് മൂന്ന് ജഡ്ജിമാരും ഏഴ് ജില്ലകളിലെ സബോർഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് തഹിൽരമണിയെ സ്ഥലം മാറ്റിയത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹൈക്കോടതികളിലൊന്നും സുപ്രധാനമായി പല കേസുകളിലും തീർപ്പുകൽപ്പിക്കുന്നതുമായ മദ്രാസ് ഹൈക്കോടതിയിൽനിന്ന് ചെറിയ ഹൈക്കോടതികളിലേക്ക് സ്ഥലംമാറ്റുന്നത് കീഴ്വഴക്കമല്ല. അതിനാൽ തന്നെ ഈ സ്ഥലംമാറ്റം ശിക്ഷാനടപടിക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ഇത് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് കൊളീജിയത്തെ സമീപിച്ചത്. എന്നാൽ കൊളീജിയം പരാതി തള്ളുകയായിരുന്നു.
വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാൻ കൊളീജിയം തീരുമാനിച്ചത്. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽരമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയതു ചർച്ചയായിരുന്നു.
2020 ഒക്ടോബറിലാണ് തഹില്‍രമണിയുടെ കാലാവധി അവസാനിക്കുക. 2018 ഓഗസ്റ്റ് മുതല്‍ തഹില്‍രമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. തഹില്‍രമണിയുടെ രാജി സ്വീകരിച്ചതോടെ രാജ്യത്തെ ഹൈക്കോടതി വനിതാ ചീഫ് ജസ്റ്റിസുമാരുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങും. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ മാത്രമാണ് അവശേഷിക്കുന്ന വനിതാ ചീഫ് ജസ്റ്റിസ്.
ബോംബൈ ഹൈക്കോടതിയിലായിരിക്കെ, 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽകീസ് ബാനു കൂട്ട പീഡനക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത് ജസ്റ്റിസ് താഹിൽരമണിയാണ്.