ന്യൂഡല്‍ഹി: രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ജസ്റ്റിസ് ബോബ്ഡെ നവംബര്‍ 18നു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പിന്‍ഗാമിയായാണു ജസ്റ്റിസ് എസ്.എ.ബോബ്ഡെ ചുമതലയേല്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടുത്ത മാസം 17നാണു വിരമിക്കുന്നത്. ഒരു വര്‍ഷവും അഞ്ചുമാസമായിരിക്കും ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് ബോബ്ഡെയുടെ കാലാവധി. 2021 ഏപ്രില്‍ 23ന് അദ്ദേഹം വിരമിക്കും.
സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസായ ബോബ്ഡെയെ തന്റെ പിന്‍ഗാമിയായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഈ മാസം 18നാണു ശിപാര്‍ശ ചെയ്തത്.
2018 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ജെ.ചെലമേശ്വര്‍, മദന്‍ ലോകുര്‍, കുര്യന് ജോസഫ് എന്നിവരും തമ്മിലുണ്ടായ പരസ്യമായ ഭിന്നത പരിഹരിക്കാന്‍ മുഖ്യപങ്ക് വഹിച്ചത് ജസ്റ്റിസ് ബോബ്ഡെയായിരുന്നു.
മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ ബോബ്ഡെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗികാതിക്രമ കേസ് ഉള്‍പ്പെടെയുള്ള പ്രധാന കേസുകള്‍ പരിഗണിച്ച ബഞ്ചിന്റെ ഭാഗമായിരുന്നു. ആധാര്‍ കേസ്, അയോധ്യ ഭൂമിതര്‍ക്ക കേസ് എന്നിവ പരിഗണിച്ച ബഞ്ചുകളുടെ ഭാഗവുമായിരുന്നു ജസ്റ്റിസ് ബോബ്ഡെ.