ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10.45ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം സുപ്രീം കോടതിയിലെത്തി ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഗൊഗോയ് ചുമതലയേക്കും. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഒഴിഞ്ഞതിന് പിന്നാലെയാണ് രഞ്ജന്‍ ഗൊഗോയ് വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹൻ സിങ്, സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസായി അദ്ദേഹം ആദ്യ കേസ് പരിഗണിക്കും.

അസമിലെ മുന്‍ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് 2001 ഫെബ്രുവരി 28നാണ് ജഡ്ജിയാകുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2012 ഏപ്രില്‍ 23ന് സുപ്രീം കോടതിയിലേക്ക് എത്തി. 2019 നവംബര്‍ 17വരെയാണ് ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസായി തുടരുക.

ഇക്കഴിഞ്ഞ ജനുവരിയില്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്ത സമ്മേളനം നടത്തിയ ജഡ്ജിമാരില്‍ ഒരാളായിരുന്നു രഞ്ജന്‍ ഗൊഗോയ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook