പ്രമുഖ ന്യായാധിപനും മനുഷ്യാവകാശ പോരാട്ടങ്ങളുടെ നായകനുമായിരുന്ന മുൻ ജഡ്‌ജി രജീന്ദർ സച്ചാർ (94) നിര്യാതനായി. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹമെന്ന് പിടി​ഐ റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു രജീന്ദർ സച്ചാർ. മനുഷ്യാവകാശ സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. അദ്ദേഹം ദുർബലരുടെ മനുഷ്യാവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തിയിരുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക അവസ്ഥയെ കുറിച്ച് പഠിക്കാൻ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ എഴംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ അധ്യക്ഷനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദർ സച്ചാറിനെ നിയമിച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ യഥാർത്ഥ ചിത്രം വരച്ചു കാട്ടുന്നതായിരുന്നു.  403 പേജുളള സച്ചാർ കമ്മിറ്റി റിപ്പോർട്ട് 2006 നവംബറിലാണ് സമർപ്പിച്ചത്.

ന്യായാധിപ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം അദ്ദേഹം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ച് വരുകയായിരുന്നു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) അധ്യക്ഷനായിരുന്നു അദ്ദേഹം.

കശ്മീരിനെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook