ന്യൂഡൽഹി: സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി.രമണയെ നിയമിച്ചു. ഈ മാസം 24 ന് അദ്ദേഹം ചുമതലയേല്‍ക്കും. സുപ്രീം കോടതിയുടെ 48-ാം ചീഫ് ജസ്റ്റിസായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.
രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് ജസ്റ്റിസ് എന്‍.വി.രമണയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചത്. എസ്.എ. ബോബ്‌ഡെയാണ് നിലവിലെ ചീഫ് ജസ്റ്റിസ്. ഈ മാസം 23 ന് അദ്ദേഹം വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ജസ്റ്റിസ് രമണ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. 2022 ഓഗസ്റ്റ് 22 വരെ ജസ്റ്റിസ് എന്‍.വി.രമണയ്ക്ക് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാം.
ജസ്റ്റിസ് രമണ 1983 ഫെബ്രുവരിയിൽ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. വിവിധ സർക്കാർ സംഘടനകളുടെ പാനൽ കൗൺസലായി പ്രവർത്തിച്ചു. ഹൈദരാബാദിലെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിങ് കൗൺസലായും റെയിൽവേയുടെ സ്റ്റാൻഡിങ് കൗൺസലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അദ്ദേഹം പ്രവർത്തിച്ചു.
2000 ജൂൺ 27 നാണ് ആന്ധ്ര ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായത്. 2013 മാർച്ച് 10 മുതൽ 2013 മേയ് 20 വരെ ആന്ധ്ര ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു. 2013 സെപ്റ്റംബർ രണ്ട് മുതൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സേവനമനുഷ്ഠിച്ചു.