Latest News

ജസ്റ്റിസ് എസ് മുരളീധര്‍: നീതി ന്യായത്തിന്റെ ആള്‍രൂപം

ജസ്റ്റിസ് മുരളീധറിന്റെ ബാറിലും ബെഞ്ചിലുമുള്ള നിലപാടുകള്‍ വിവരിക്കാന്‍ തുല്യരോട് ആവശ്യപ്പെടുമ്പോള്‍ ‘സഹാനുഭൂതി’, ‘നീതിയുക്തം’, ‘അചഞ്ചലം’ എന്നീ വിശേഷണങ്ങളാണു ലഭിക്കുക.

Justice S Muralidhar, ജസ്റ്റിസ് എ മുരളീധര്‍, Justice S Muralidhar transfer, ജസ്റ്റിസ് എ മുരളീധറിന് സ്ഥാനചലനം, Justice S Muralidhar on delhi violence, ജസ്റ്റിസ് എ മുരളീധര്‍ ഡല്‍ഹി അക്രമം വിധി, iemalayalam, ഐഇമലയാളം

വ്യാഴാഴ്ച രാവിലെ, ഡല്‍ഹി ഹൈക്കോടതിയിലെ 38-ാം നമ്പര്‍ കോടതി മുറി. അഭിഭാഷകരുടെ തിരക്കിനിടയിലേക്ക് അക്ഷോഭ്യനായി, തന്റെ മുഖമുദ്രയായ പുഞ്ചിരിയുമായി ജസ്റ്റിസ് എസ് മുരളീധര്‍ കടന്നുവന്നു.

പാര്‍പ്പിട മേഖലകളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്ന വിഷയത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനെതിരെ പിവി കപൂര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയായിരുന്നു ജസ്റ്റിസ് മുരളീധറിനു മുന്‍പാകെയുള്ള കേസ്. താമസക്കാര്‍ക്ക് അനുകൂലമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിധി. തുടര്‍ന്ന് അഭിഭാഷകരോട് സംസാരിച്ച അദ്ദേഹം ” ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെന്ന നിലയില്‍ എന്റെ അവസാനത്തെ ജുഡീഷ്യല്‍ നടപടിയാണിതെ”ന്നു പറഞ്ഞു.

ജഡ്ജിയെന്ന നിലയിലുള്ള 14 വര്‍ഷവും അതിനുമുമ്പ് അഭിഭാഷകനെന്ന നിലയിലുള്ള ദീര്‍ഘകാല പ്രവര്‍ത്തനവും കണക്കിലെടുക്കുമ്പോള്‍ ജസ്റ്റിസ് മുരളീധറിന്റെ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുക അദ്ദേഹത്തിന്റെ പ്രവൃത്തികളാണെന്നാണ് അദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നത്.

Read Also: സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ജയസൂര്യ പറഞ്ഞു: കെപിഎസി ലളിത

കഴിഞ്ഞയാഴ്ച, ഡല്‍ഹി കലാപത്തിന്റെ പിടിയിലായപ്പോള്‍ ജസ്റ്റിസ് മുരളീധറിന്റെ  പ്രവര്‍ത്തനങ്ങളും വാക്കുകളും വേറിട്ടുനിന്നു, പ്രത്യേകിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഒന്നിനു പിറകെ ഉത്തരവാദിത്തത്തില്‍നിന്ന് പിന്നാക്കം പോയപ്പോള്‍. ചൊവ്വാഴ്ച അര്‍ധരാത്രി 12.30 ന് അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന വാദം കേള്‍ക്കലിനിടെഅദ്ദേഹത്തിന് പരിഭ്രാന്തമായൊരു കോള്‍ വന്നു. അതിന് മറുപടിയായി കലാപത്തില്‍ പരുക്കേറ്റവരും ന്യൂ മുസ്തഫാബാദിലെ ആശുപത്രിയില്‍ കുടുങ്ങിയവരും സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കാന്‍ അദ്ദേഹം ഇടപെട്ടു.

അടുത്തദിവസം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് മുരളീധര്‍ ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പൊലീസിനോട്‌ ചോദിച്ചു. ഈ പ്രസംഗങ്ങള്‍ കേട്ടില്ലെന്നു പൊലീസും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അവകാശപ്പെട്ടപ്പോള്‍, ജസ്റ്റിസ് മുരളീധര്‍ തുറന്ന കോടതിയില്‍ പ്രസംഗങ്ങള്‍ പ്രദര്‍ശിപ്പിക്കമെന്ന നിലപാട് കൈക്കൊണ്ടു.

ഈ ദിവസം അവസാനിക്കുന്നതിനുമുന്‍പ് മറ്റൊരു സംഭവികാസം കൂടി ഉണ്ടായി. കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്കു മാറ്റി. ഈ നടപടി പ്രതിപക്ഷ പ്രതിഷേധത്തിനു കാരണമായി. ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിര്‍ന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് മുരളീധര്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാകും. രണ്ടാഴ്ച മുന്‍പ് ഒരു കാരണവും വ്യക്തമാക്കാതെയാണു സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തിനു ശിപാര്‍ശ ചെയ്തത്. അന്നു മുതല്‍ ഈ നിര്‍ദേശത്തെ ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ എതിര്‍ക്കുകയാണ്.

Read Also: ബിജെപി നേതാവ് കപിൽ മിശ്രയുടെ ‘സമാധാന റാലി’യിലും കൊലവിളി

ബാറിലും ബെഞ്ചിലുമുള്ള ജസ്റ്റിസ് മുരളീധറിന്റെ നിലപാടുകള്‍ വിവരിക്കാന്‍ ബാറിലും ബഞ്ചിലുമുള്ളവരോട്‌ ആവശ്യപ്പെടുമ്പോള്‍ ‘സഹാനുഭൂതി’, ‘നീതിയുക്തം’, ‘അചഞ്ചലം’ എന്നീ വിശേഷണങ്ങളാണു ലഭിക്കുക.

കമ്പനി സെക്രട്ടറിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജസ്റ്റിസ് മുരളീധര്‍ 1984ല്‍ അഭിഭാഷകനായി. മൂന്നു വര്‍ഷത്തിനുശേഷം ചെന്നൈയില്‍നിന്ന് ഡല്‍ഹിയിലേക്കു പ്രാക്ടീസ് മാറ്റി. പില്‍ക്കാലത്ത് ഇന്ത്യയുടെ അറ്റോര്‍ണി ജനറലായ ഇതിഹാസ അഭിഭാഷകന്‍ ജി. രാമസ്വാമിയുടെ ജൂനിയറായി അദ്ദേഹം പ്രവര്‍ത്തിച്ചു, രാമസ്വാമിക്കൊപ്പം പ്രവര്‍ത്തിക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴാണു മുരളീധര്‍, നിയമഗവേഷകയായ ഉഷാ രാമനാഥനെ കണ്ടുമുട്ടിയത്. ഇവര്‍ പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കടന്നു.

അഭിഭാഷകനെന്ന നിലയില്‍ പ്രധാനമായും പൗരാവകാശ കേസുകളിലാണു മുരളീധര്‍ ഹാജരായത്. നര്‍മദ ബച്ചാവോ ആന്തോളന്‍ പ്രവര്‍ത്തകര്‍ക്കുവേണ്ടിയും ഭോപ്പാല്‍ വാതക ദുരന്ത കേസില്‍ ഇരകള്‍ക്കുവേണ്ടിയും അദ്ദേഹം ഹാജരായി.

1991 ല്‍, ടിഎന്‍ ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ, മുരളീധറിനെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനായി നിയമിച്ചു. ശേഷന്റെ അധികാരങ്ങള്‍ കുറയ്ക്കാനായി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ കൂടി നിയമിച്ചു. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച ശേഷന്‍ മുരളീധറിനെ തന്റെ അഭിഭാഷകനായി തിരഞ്ഞെടുത്തു. കേസില്‍, താല്‍പ്പര്യ സംരക്ഷണമെന്ന ആരോപണമുയരാതിരിക്കാന്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനിലെ പദവി രാജിവച്ചു. സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവച്ച സാഹചര്യത്തില്‍ കേസ് അവസാനിച്ചതോടെ കമ്മിഷന്‍ വീണ്ടും അദ്ദേഹത്തെ അഭിഭാഷകനായി നിയമിച്ചു.

Read Also: ഒരു കൈ നോക്കിയാലോയെന്ന് ഷീല; ആ അഭിനയം നിനക്ക് വഴങ്ങില്ലെന്നു ശാരദ

ജസ്റ്റിസ് മുരളീധറിനെക്കുറിച്ച് അദ്ദേഹത്തിന്റെ അതേസമയത്തു തന്നെ പ്രാക്ടീസ് ആരംഭിച്ച ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പറയുന്നതിങ്ങനെ: ”നാനി പാല്‍ഖിവാല (ശേഷനുവേണ്ടി ഹാജരാക്കിയത്) ഉള്‍പ്പെടെ നിരവധി ശക്തര്‍ കേസ് വാദിച്ചു. എന്നാല്‍ ജസ്റ്റിസ് മുരളീധറിന്റെ പ്രത്യക്ഷമായ ചെറിയ പ്രവൃത്തി വേറിട്ടുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത അദ്ദേഹത്തെ നിര്‍വചിക്കുന്നു. ഒരാള്‍ നിരന്തരം സമന്വയിപ്പിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുന്ന ഒരു തൊഴിലില്‍ പോലും, അദ്ദേഹത്തെ ഒരു കാര്യം പോലും സ്വാധീനിക്കാന്‍ കഴിയില്ല.”

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ സ്റ്റാന്‍ഡിങ് കോണ്‍സിലായി പ്രവര്‍ത്തിച്ച
ജസ്റ്റിസ് മുരളീധര്‍ സുപ്രീം കോടതി നിയമ സഹായ സമിതിയില്‍ സജീവമായി ഇടപെട്ടു. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ അദ്ദേഹം 2002 മുതല്‍ നാലു വര്‍ഷം ലോ കമ്മിഷന്റെ പാര്‍ട്ട് ടൈം അംഗമായും സേവനമനുഷ്ഠിച്ചു. ‘നിയമം, ദാരിദ്ര്യം, നിയമസഹായം: ക്രിമിനല്‍ നീതിയിലേക്കുള്ള പ്രവേശനം’ എന്ന അദ്ദേഹത്തിന്റെ പ്രബന്ധം 2004-ല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം 45-ാം വയസിലാണു ജസ്റ്റിസ് മുരളീധര്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായത്.

അന്നത്തെ ചീഫ് ജസ്റ്റിസ് മര്‍ക്കാണ്ഡേയ കട്ജുവിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണു ജസ്റ്റിസ് മുരളീധറിനെ ശിപാര്‍ശ ചെയ്തത്. ”ജസ്റ്റിസ് കട്ജുവിന് സമര്‍ഥരെ കണ്ടെത്താനുള്ള
കഴിവുണ്ടായിരുന്നു. ഇതു മുരളീധറിന്റെ കാര്യത്തില്‍ ചീഫ് ജസ്റ്റിസ് വൈ കെ സബര്‍വാളിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തിനു സഹായകമായി. വൈകെ സബര്‍വാളും ഡല്‍ഹി ഹൈക്കോടതിയില്‍നിന്നു വന്നയാളായിരുന്നു,”ഒരു മുന്‍ ജഡ്ജി പറഞ്ഞു.

Read Also: പുകഞ്ഞ കൊള്ളി പുറത്ത്; കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാദർ റോബിനെ വെെദികവൃത്തിയിൽ നിന്നു പുറത്താക്കി

പ്രശസ്തമായ നിരവധി കേസുകളിലൂടെ തന്റെ പ്രവര്‍ത്തനം ജസ്റ്റിസ് മുരളീധര്‍ ഹൈക്കോടതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 2009 ല്‍ സ്വവര്‍ഗരതിയെ കുറ്റമല്ലെന്ന സുപ്രധാന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് എപി ഷാക്കൊപ്പമുള്ള ബഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ ഓഫീസ്‌ വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്നു 2010 ല്‍ ജസ്റ്റിസ് മുരളീധര്‍ വിധി പുറപ്പെടുവിച്ചു. ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ തേടിയ വിവരാവകാശ പ്രവര്‍ത്തകന് അനുകൂലമായിരുന്നു വിധി. എന്നാല്‍ ഇതിനെതിരായ നിലപാടാണ് അന്നത്തെ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി സ്വീകരിച്ചത്. ജസ്റ്റിസ് ബാലകൃഷ്ണനെതിരെ പിന്നീട് അനധികൃത സ്വത്ത് സമ്പാദന ആരോപണമുയര്‍ന്നു. എന്നാല്‍ ഒന്‍പതു വര്‍ഷത്തിനുശേഷം കഴിഞ്ഞ നവംബറില്‍ ജസ്റ്റിസ് മുരളീധറിന്റെ വിധി സുപ്രീം കോടതി ശരിവച്ചു.

1984 ഒക്ടോബറിലെ സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജന്‍ കുമാറിനെ കീഴ്‌ക്കോടതി കുറ്റവിമുക്തനാക്കിയ വിധി ജസ്റ്റിസ് മുരളീധറും ജസ്റ്റിസ് വിനോദ് ഗോയലും 2018 ഒക്ടോബറില്‍ അസാധുവാക്കി. വിചാരണക്കോടതി തെറ്റായ പരിഗണനകളുടെ പുറത്ത് തെളിവുകള്‍ വിലയിരുത്തിയെന്നും ഡല്‍ഹി പൊലീസ് കലാപത്തെ നഗ്നമായി സഹായിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതേമാസം, ഭീമ-കൊറെഗാവ്‌ കേസില്‍ അറസ്റ്റിലായ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ട്രാന്‍സിറ്റ് റിമാന്‍ഡ് പുനെ പോലീസിന്റെ നടപടികളിലെ പാളിച്ചകള്‍ എടുത്തുകാട്ടി റദ്ദാക്കി. ഈ കേസ് അടുത്തിടെ എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു.

1987 ല്‍ ഹാഷിംപുരയില്‍ 42 മുസ്ലിംകളെ കൊലപ്പെടുത്തിയ കേസില്‍ 16 മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ 2018 നവംബറില്‍ ജസ്റ്റിസുമാരായ മുരളീധറിന്റെയും ഗോയലിന്റെയും ബെഞ്ച് വിചാരണക്കോടതി വിധിന്യായം റദ്ദാക്കിക്കൊണ്ട് ശിക്ഷിച്ചു.

മിലോഡ്‌ എന്ന് തന്നെ വിളിക്കരുതെന്ന് ജസ്റ്റിസ് മുരളീധര്‍ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്. കൂടാതെ കസേര തനിക്കുവേണ്ടി ദ്വാരപാലകന്‍ പിന്നോട്ട് വലിച്ചിടുന്നതിനേയും അദ്ദേഹം എതിര്‍ത്തിരുന്നു.

Read Also: കൈയ്യടി നേടി കുഞ്ഞിക്കയുടെ സില്‍വര്‍ ജൂബിലി ചിത്രം: ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ റിവ്യൂ

അദ്ദേഹം ഒരു ജഡ്ജി എന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യന്‍ എന്ന നിലയിലും അഴിമതിക്ക് വിധേയനാകില്ലെന്ന് അദ്ദേഹം അവസാന ദിവസം കോടതിയില്‍ വിധി പറയുന്നത് കാണാന്‍ ചെന്ന ഒരു അഭിഭാഷകന്‍ പറയുന്നു.

“ഞാന്‍ ഒരു വഞ്ചകന്റെ അഭിഭാഷകന്‍ ആണെങ്കില്‍ മുരളീധറിന് മുന്നില്‍ ഹാജരാകേണ്ടി വന്നാല്‍ ഞാന്‍ അദ്ദേഹത്തെ വെറുക്കും. ഒരു സാമൂഹിക വിഷയത്തില്‍ നിങ്ങള്‍ തെറ്റുകാരനാണെന്ന് അദ്ദേഹത്തിന് തോന്നിയാല്‍ പിന്നെ നിങ്ങളുടെ വാദങ്ങള്‍ കൊണ്ട് കാര്യമില്ല. കാരണം, അദ്ദേഹം നിങ്ങള്‍ക്കെതിരെ വിധിക്കും,” മുരളീധറിനെ കുറിച്ചൊരു നെഗറ്റീവ് കാര്യം പറയാമോയെന്ന് ആരാഞ്ഞപ്പോള്‍ ഒരു അഭിഭാഷകന്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലും ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് ജി എസ് സിസ്താനിയും അവധിയായതിനെ തുടര്‍ന്നാണ് മുരളീധറിന് ഡല്‍ഹി അക്രമ കേസില്‍ വാദം കേള്‍ക്കാനെത്തിയത്.

അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തിയില്ലെങ്കില്‍ അദ്ദേഹം 2023-ല്‍ വിരമിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Justice muralidhar delhi violence high court

Next Story
കൊറോണ വ്യാപിക്കുന്നു; ചൈനയിൽ അന്തരീക്ഷ മലിനീകരണം കുറയുന്നുcorona virus, കൊറോണ വൈറസ്, economic slow down, സാമ്പത്തിക മാന്ദ്യം, china, ചൈന, nasa, നാസ, esa, ഈസ, air pollution, വായു മലിനീകരണം, nitrogen dioxide, നൈട്രജന്‍ ഡൈഓക്‌സൈഡ്‌, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com