ജസ്റ്റിസ് മിശ്രയുടെ വിടവാങ്ങലില്‍ ‘നിശബ്ദനാക്കി’; ചീഫ് ജസ്റ്റിനെ പ്രതിഷേധമറിയിച്ച് ദുഷ്യന്ത് ദവെ

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിമര്‍ശകനായ ദുഷ്യന്ത് ദവെയാണു കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്

ന്യൂഡല്‍ഹി: ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കാന്‍ അനുവദിക്കാത്തില്‍ പ്രതിഷേധമറിയിച്ച് മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്സിബിഎ) പ്രസിഡന്റുമായ ദുഷ്യന്ത് ദവെ. ഡിസംബറില്‍ തന്റെ കാലാവധി തീരുന്നത് വരെ സുപ്രീംകോടതി സംഘടിപ്പിക്കുന്ന ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ ആയി നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ തന്നെ ‘മ്യൂട്ട്’ ചെയ്തതായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്ക്ക് അയച്ച കത്തില്‍ ദവെ പറഞ്ഞു. ”ചടങ്ങിലേക്കു ക്ഷണിക്കുകയും ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടും ബാര്‍ അസോസിയേഷനും അതിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും വേണ്ടി അഭിസംബോധന ചെയ്യുന്നതില്‍നിന്ന് എന്നെ തടയുന്നതിനായിരുന്നു മുഴുവന്‍ ശ്രമവും,” ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്ക് അയച്ച കത്തില്‍ ദവെ കുറ്റപ്പെടുത്തി.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിമര്‍ശകനായ ദുഷ്യന്ത് ദവെയാണു കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. പ്രശാന്ത് ഭൂഷണെ ഒരു രൂപ പിഴയ്ക്കു ശിക്ഷിച്ച വിധി പറഞ്ഞത് ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബഞ്ചായിരുന്നു. മൊത്തം സംഭവം ഈ മഹത്തായ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്നതാണെന്നും ഇത് ബാറിനും തനിക്കും വ്യക്തമായ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

‘അസുഖകരമായ എന്തെങ്കിലും’ പറയുമോ എന്ന ഭയത്താലായിരിക്കും തന്നെ നിശബ്ദനാക്കിയതെന്ന് ദവെ പറഞ്ഞു. എന്നാല്‍ വിടവാങ്ങലില്‍ അദ്ദേഹം ഉദ്ദേശിച്ച പ്രസ്താവന ഇതായിരുന്നു: ”ബാര്‍ അസോസിയേഷന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ചും വ്യക്തിപരമായും ജസ്റ്റിസ് മിശ്രയ്ക്കു സന്തോഷവും ശേഷിക്കുന്ന നീണ്ടജീവിതത്തില്‍ ദീര്‍ഘായുസില്‍ ആനന്ദവും നേരുന്നു. ആത്മപരിശോധനയിലൂടെ നിങ്ങളെ ശക്തിപ്പെടുത്തുന്നതിന് അനുഗ്രഹം നല്‍കാന്‍ ഞാന്‍ മഹാബലേശ്വര്‍ ദേവനോട് പ്രാര്‍ത്ഥിക്കുന്നു.”

വിരമിക്കുന്ന ജഡ്ജി തന്റെ അവസാന പ്രവൃത്തി ദിനത്തില്‍ ചീഫ് ജസ്റ്റിസിനൊപ്പം ബെഞ്ചിലിരിക്കുന്നതാണു നടപടി ക്രമം. ചടങ്ങില്‍ ബാര്‍ അംഗങ്ങള്‍ വിരമിക്കുന്ന ജഡ്ജിക്ക് ആശംസ അറിയിക്കും. ഇന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര സിജെഐയ്ക്കൊപ്പം ബെഞ്ചിലിരുന്നു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹത്ഗി, സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ (എസ്‌കോറ) പ്രസിഡന്റ് ശിവാജി ജാദവ് എന്നിവര്‍ ആശംസ അെറിയിച്ചു. ദുഷ്യന്ത് ദവെയും ലോഗിന്‍ ചെയ്തിരുന്നെങ്കിലും സംസാരിച്ചിരുന്നില്ല.

ഇതിനു പിന്നാലെ തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ ശബ്ദം മ്യൂട്ട് ചെയ്തതായി ആരോപിച്ച് അദ്ദേഹം സിജെഐക്ക് കത്ത് നല്‍കിയത്. താന്‍ നിരാശനാണെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ദവെ കത്തില്‍ പറഞ്ഞു.

Read in English: ‘Muted’ at Justice Mishra’s farewell, SC Bar head Dave complains to CJI

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Justice mishras farewell sc bar head dave complains to cji

Next Story
പബ്ജിക്കും പൂട്ടിട്ട് കേന്ദ്രം; 118 ആപ്ലിക്കേഷനുകൾക്കുകൂടി നിരോധനം
The moderation of comments is automated and not cleared manually by malayalam.indianexpress.com