ന്യൂഡൽഹി: സുപ്രികോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി മുൻ ജഡ്ജിയും കൊളീജിയം അംഗവും ആയിരുന്ന ജസ്റ്റിസ് മഥൻ ബി. ലോകൂർ. ജസ്റ്റിസുമാരായ നന്ദജോഗ്, രാജേന്ദ്ര മേനോൻ എന്നിവരെ സുപ്രീംകോടതിയിലേക്ക് ഉയർത്താനുള്ള ഡിസംബർ 12ലെ കൊളിജിയം തീരുമാനം എങ്ങനെ മാറി എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷക കൂട്ടായ്മയുടെ വെബ് സൈറ്റായ ദി ലീഫ് ലറ്റ് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ലോകൂർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പുതിയ ജഡ്ജിമാരുടെ പേരുകളെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊളീജിയം തീരുമാനം വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യലാണ് രീതി. അത് പരസ്യപ്പെടുത്താത്തതിൽ അതൃപ്തിയുണ്ടന്നും ലോകുർ പറഞ്ഞു.
ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനേയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദജോഗിനെയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള ഡിസംബര്‍ 12ലെ തീരുമാനം കൊളീജിയം അസാധാരണ നീക്കത്തിലൂടെ കഴിഞ്ഞ ആഴ്ച പിൻവലിച്ചിരുന്നു. ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിമാരും വിരമിച്ച ജഡ്ജിമാരുമൊക്കെ രംഗത്തെത്തി.