സുപ്രീംകോടതി ജഡ്ജി പദവിയില്‍ നിന്നും വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് ‘നിഷ്പക്ഷത, നിശ്ശബ്ദദ, നിസ്സംഗത’എന്നിവയോടുള്ള തന്റെ മനോഭാവത്തെക്കുറിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് മനസ് തുറക്കുന്നത്. ‘നിയമം ലംഘിക്കുന്നവരെക്കാള്‍ നിയമം നടത്തേണ്ടവരുടെ നിശ്ശബ്ദതയാണ് സമൂഹത്തിന് കൂടുതല്‍ ദോഷം ചെയ്യുന്നത്,’ അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എനിക്കീ ലോകത്തോട് പറയാം, നീതി നടപ്പാക്കാന്‍ ഞാനെന്റെ പരമാവധി ചെയ്തിട്ടുണ്ട് എന്ന്.’

വ്യാഴാഴ്ചയാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി വിരമിച്ചത്. കേരള ഹൈക്കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ച അദ്ദേഹം 1996ല്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിക്കപ്പെടുകയും പിന്നീട് 2000ത്തില്‍ ജഡ്ജിയാവുകയും ചെയ്തു. ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് കേരള ഹൈക്കോടതിയില്‍ രണ്ടു തവണ അദ്ദേഹം ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് 2013 മാര്‍ച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനാകുന്നത്.

എറണാകുളം കാലടി താന്നിപ്പുഴ മാണിക്കത്ത് ജോസഫിന്റേയും അന്നക്കുട്ടിയുടേയും മകനായി ഒരു റോമന്‍ കത്തോലിക്കാ കുടുംബത്തിലാണ് കുര്യന്‍ ജോസഫിന്റെ ജനനം. പിതാവ് ജോസഫ് കേരള ഹൈക്കോടതിയിലെ ക്ലര്‍ക്കായിരുന്നു. ‘നിങ്ങളുടെ ചിട്ടകളാണ് നിങ്ങളുടെ വിധി’ തീരുമാനിക്കുക എന്ന വാക്യത്തെ അര്‍ത്ഥവത്താക്കുന്ന തരത്തില്‍ ചിട്ടയോടു കൂടിയ ജീവിതം നയിക്കുന്ന ആളാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. അഭിഭാഷകനായി പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം കുറച്ചു നാള്‍ സെമിനാരിയില്‍ ജീവിച്ചിട്ടുണ്ട്. കേരളം പ്രളയത്തെ നേരിടുന്ന നാളുകളില്‍ രാത്രികാലങ്ങളില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ ജൂനിയര്‍ അഭിഭാഷകര്‍ക്കൊപ്പം ദുരിത ബാധിതര്‍ക്കായി ഭക്ഷണം എത്തിക്കാനും മറ്റുമുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായിരുന്നു. ‘കേരളമോ, തമിഴ്‌നാടോ, അസ്സാമോ, ഹിമാചല്‍ പ്രദേശോ ആകട്ടെ ഒരാള്‍ ദുരിതം അനുഭവിക്കുന്നതു കണ്ടാല്‍ അവരെ സഹായിക്കുക എന്നത് എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’

താന്‍ കൈകാര്യം ചെയ്തിട്ടുള്ള ഓരോ കേസിനേയും പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രവര്‍ച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ‘നിസ്സഹായരും ദരിദ്രരും അശക്തരുമായ’ ആളുകള്‍ക്കായി നിലകൊള്ളാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. നിയമത്തിന് അപ്പുറത്തേക്ക് കടന്നു ചെല്ലുകയും നിയമത്തിനു മുകളിലുള്ള നീതി ഉറപ്പുവരുത്തും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആശയം. നാഷണല്‍ അക്കൗണ്ടബിലിറ്റി കമ്മീഷന്‍ വാദങ്ങളില്‍, പ്രത്യേകിച്ച് മുത്തലാഖ്, സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പിലെ മാറ്റങ്ങള്‍ സംബന്ധിച്ച വിധി പ്രഖ്യാപനം എന്നിവയെല്ലാം വളരെ ആസ്വദിച്ച് ചെയ്തവയാണെന്ന് അദ്ദേഹം പറയുന്നു.

സുപ്രീംകോടതി ജഡ്ജി പദവിയില്‍ എത്തിയ ശേഷം ഒരിക്കല്‍ പോലും വധ ശിക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഭാഗമാകാനോ അതേക്കുറിച്ചുള്ള അഭിപ്രായം പറയാനോ അദ്ദേഹം തയ്യാറായിട്ടില്ല. എന്നാല്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം വധശിക്ഷയെക്കുറിച്ചുള്ള വിധിപ്രസ്താവത്തില്‍ മൂന്നംഗ ബഞ്ചില്‍ ഭൂരിപക്ഷത്തോട് വിയോജിച്ചുകൊണ്ട് വധശിക്ഷ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കോടതിക്കു മുമ്പാകെ എത്തുന്ന ഓരോ വധശിക്ഷ കേസുകളും ഒരു മനുഷ്യ ജീവന്റെ കാര്യമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണങ്ങള്‍ അവര്‍ക്കുണ്ട്. ആ ജീവന്‍ എടുക്കണം എന്നുണ്ടെങ്കില്‍ അതിന്റെ നടപടിക്രമങ്ങള്‍ അത്രയും കര്‍ശനവും ഉയര്‍ന്ന ഭരണഘടന മാനദണ്ഡങ്ങളും അനുസരിച്ചാകണം,’ എന്നാണ് അദ്ദേഹം എഴുതിയത്.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook