ന്യൂഡൽഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം ഇന്ന് ചേരും. സുപ്രീം കോടതി ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്തിരുന്ന കെ.എം.ജോസഫിന്റെ പേര് കേന്ദ്ര സർക്കാർ തിരികെ അയയ്ക്കുകയായിരുന്നു. അതിനെ തുടർന്നാണ് വീണ്ടും കൊളീജിയം യോഗം ചേരുന്നത്. കൊളീജിയം ശുപാർശ ചെയ്തിരുന്ന അഭിഭാഷകയായ ഇന്ദു മൽഹോത്രയുടെ പേര് കേന്ദ്ര സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു.

നിലവിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കെ.എം.ജോസഫ്. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി കൊണ്ടുളള മോദി സർക്കാരിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി 2016 ൽ അസാധുവാക്കിയിരുന്നു. അതിന് ശേഷം ആരോഗ്യ പ്രശ്നങ്ങളാൽ മറ്റ് ഏതെങ്കിലും സംസ്ഥാനത്തേയ്ക്ക് കെ.എം.ജോസഫ് സ്ഥലം മാറ്റം അഭ്യർത്ഥിച്ചിരുന്നു. സുപ്രീം കോടതി ഇതിന് അനുകൂല തീരുമാനമെടുത്ത് കേന്ദ്രസർക്കാരിലേയ്ക്ക് അയച്ചിരുന്നുവെങ്കിലും അതിൽ ഇതുവരെ സർക്കാർ നടപടിയെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ദ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ​ സുപ്രീം കോടതി ജഡ്ജിയായ കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമായും മൂന്ന് കാരണങ്ങൾ​ ചൂണ്ടിക്കാട്ടിയാണ് കെ.എം.ജോസഫിന്റെ പേര് കേന്ദ്രം തിരികെ അയച്ചത്. സീനിയോറിറ്റി പട്ടികയിൽ 42-ാം സ്ഥാനമാണ് കെ.എം.ജോസഫിനുളളതെന്നായിരുന്നു ഒരു കാരണം. മലയാളിയായ കെ.എം.ജോസഫിന്റെ മാതൃനാടായ കേരള ഹൈക്കോടതിയിൽ നിന്നും ആവശ്യത്തിനുളള​ പ്രാതിനിധ്യം സുപ്രീം കോടതിയിലുണ്ടെന്നും മറ്റു നിരവധി ഹൈക്കോടതികളുടെ പ്രാതിനിധ്യം സുപ്രീം കോടതിയിൽ ഇല്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുമുളളവരുടെ പ്രാതിനിധ്യം ഇല്ലെന്നെതും ഇതിന് കാരണമായി സർക്കാർ പറയുന്നു. ഈ സർക്കാർ ഇതിന് മുമ്പും കെ.എം.ജോസഫിന്റെ കാര്യത്തിൽ തീരുമാനമെടുക്കാതിരുന്നിട്ടുണ്ടെന്ന് കുര്യൻ ജോസഫ് പറഞ്ഞു.

മൂന്ന് മാസങ്ങൾക്കു ശേഷം കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതിയുടെ ശുപാർശ കേന്ദ്രം തിരികെ അയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നൽകിയ നോട്ടീസ് പ്രകാരം കൊളീജിയം യോഗത്തിൽ മറ്റ് വിഷയങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നാണ് സൂചന.

കെ.എം.ജോസഫിനൊപ്പം മറ്റ് ചിലപേരുകൾ കൂടെ കൊളീജിയം ശുപാർശ ചെയ്തേയ്ക്കും എന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. നിലവിൽ സുപ്രീം കോടതിയിൽ ആകെയുളള  31 ജഡ്ജിമാർക്ക് പകരം 25 പേരാണ് നിലവിലുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ